ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യ വാക്പോര്; പുടിന് മറുപടിയുമായി ബൈഡൻ
ദില്ലി: ഉക്രൈൻ യുദ്ധത്തെച്ചൊല്ലി യുഎസ്-റഷ്യൻ പ്രസിഡന്‍റുമാർ തമ്മിൽ വാക്പോര്. അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ് യുദ്ധത്തിന് ഉത്തരവാദികളെന്ന പുടിന്‍റെ അവകാശവാദത്തോട് പ്രതികരിച്ച് ജോ ബൈഡൻ രംഗത്തെത്തി. ലോകം മുഴുവൻ അടക്കി ഭരിക്കാമെന്ന മിഥ്യാധാരണയുടെ തകർച്ചയാണ് പുടിന്റെ ആരോപണത്തിന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മറുപടി നല്കി.
യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത സന്ദർശനത്തിന് പിന്നാലെ ആണവ നിയന്ത്രണ കരാറിൽ നിന്ന് പിൻമാറിയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തിരിച്ചടിച്ചത്. റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിൻ അമേരിക്കയ്ക്കും യൂറോപ്യൻ രാജ്യങ്ങൾക്കുമെതിരെ ഇന്നലെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഉക്രൈൻ യുദ്ധത്തിന് ഉത്തരവാദികൾ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണെന്നും പുടിൻ പറഞ്ഞിരുന്നു.
പുടിന്‍റെ ആരോപണങ്ങൾക്ക് ജോ ബൈഡനും ഇന്ന് മറുപടി നല്കി. പോളണ്ടിൽ നിന്നായിരുന്നു ജോ ബൈഡൻ പുടിന് മറുപടി നല്കിയത്. ലോകം അടക്കി വാഴാമെന്ന മിഥ്യാധാരണയുടെ തകർച്ചയാണ് പുടിന്‍റെ ആരോപണങ്ങൾക്ക് പിന്നിലെന്ന് ബൈഡൻ പറഞ്ഞു. നാറ്റോ സഖ്യം മുമ്പത്തേക്കാളും ശക്തമാണ്. ഉക്രൈനിൽ റഷ്യക്ക് വിജയിക്കാൻ കഴിയില്ലെന്നും, ധീരവും അന്തസുള്ളതുമായ നിലപാടാണ് കീവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും പുടിൻ പറഞ്ഞു.