ഉൽപാദനം കൂപ്പുകുത്തി കുരുമുളക്
അടിമാലി: ഇടുക്കിയിലിപ്പോള്‍ കുരുമുളകിന്‍റെ വിളവെടുപ്പ് കാലമാണ്. എന്നാല്‍, വിളവെടുപ്പിന്‍റെ പ്രതാപകാലം ഓര്‍മകളില്‍ മാത്രമാണ് ഇപ്പോഴുള്ളത്.വര്‍ഷങ്ങളോളം കുരുമുളക് സമ്ബാദ്യമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന കര്‍ഷകര്‍ക്ക് ഇപ്പോള്‍ മരുന്നിനുപോലും കുരുമുളക് തോട്ടത്തിലില്ലാത്ത സങ്കടമാണ് പറയാനുള്ളത്.
വിളനാശവും വിലത്തകര്‍ച്ചയുമാണ് കുരുമുളകിന് തിരിച്ചടിയായത്. ലോക കമ്ബോളത്തില്‍പോലും വന്‍ പ്രിയമുണ്ടായിരുന്ന ഇടുക്കി കുരുമുളകിന്‍റെ ഉല്‍പാദനം ഇപ്പോള്‍ എക്കാലത്തേക്കാളും താഴെയാണ്. കുരുമുളക് ഇല്ലാതായതോടെ വിലയും കയറി. വിലയുണ്ടായിട്ടെന്താ കുരുമുളക് വേണ്ടേ? എന്നതാണ് കര്‍ഷകരുടെ ചോദ്യം. പന്നിയൂര്‍ ഒന്ന് മുതല്‍ എട്ട്, ശ്രീകര, ശുഭകര, പൗര്‍ണമി, പഞ്ചമി തുടങ്ങിയവയാണ് അത്യുല്‍പാദന ശേഷിയുള്ള പുതിയ ഇനങ്ങള്‍. ഇവയൊക്കെ നാടുനീങ്ങി തുടങ്ങിയതോടെ സാമ്ബത്തികരംഗവും തകര്‍ന്നു.
രോഗമാണ് പ്രധാന വില്ലനെന്ന് കര്‍ഷകര്‍ പറയുന്നു. ഇടവിട്ടുള്ള മരുന്നുതളിയും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഒന്നും ഇപ്പോള്‍ ഏശുന്നില്ല. കുമിള്‍നാശിനികള്‍ക്ക് വിലയേറിയതിനാല്‍ തോട്ടം സംരക്ഷിക്കണമെങ്കിലും വന്‍ ചെലവാണ്. കുരുമുളക് കൃഷി പുനരുദ്ധാരണത്തിന്‍റെ പേരില്‍ വന്‍ തുകയാണ് വര്‍ഷംതോറും ചെലവഴിക്കുന്നത്. കുരുമുളക് തൈ നഴ്‌സറികളില്‍നിന്ന് വാങ്ങിയ ബില്ല് നല്‍കിയാല്‍ പദ്ധതിയുള്ള സമയത്ത് കൃഷിഭവനില്‍നിന്ന് പണം ലഭിക്കും. സ്വന്തമായി കുരുമുളക് തോട്ടം വികസിപ്പിച്ചതിന് ബില്ല് കൈവശമില്ലെങ്കില്‍ ഒരു രൂപപോലും ലഭിക്കില്ല. രോഗപ്രതിരോധശേഷിയുള്ള തനതു തൈകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വിപുലമായ നഴ്‌സറി ഇടുക്കിയില്‍ അനിവാര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ഇടുക്കി പാക്കേജിന്‍റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ കുരുമുളക് പുനരുദ്ധാരണ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഈ പാക്കേജ് പ്രകാരം കുരുമുളക് തോട്ടങ്ങള്‍ പേരിനുപോലും വിപുലീകരിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ കുരുമുളക് കൃഷി നടന്നിരുന്ന അടിമാലി, കൊന്നത്തടി, വാത്തിക്കുടി, വെള്ളത്തൂവല്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി പഞ്ചായത്തുകളില്‍ തോട്ടങ്ങള്‍ തരിശ്ശായി മാറി. വേരുചീയലും ദ്രുതവാട്ടവും മഞ്ഞളിപ്പുമാണ് തോട്ടങ്ങളില്‍ പടര്‍ന്നുപിടിച്ചത്. വര്‍ഷംതോറും കൃഷിഭവന്‍ മുഖേന കുരുമുളക് തൈകള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും ഇവ ഇടുക്കിയിലെ കാലാവസ്ഥക്ക് അനുയോജ്യമല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.
താങ്ങുകാലുകള്‍ക്കും രോഗം വ്യാപകമായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇലചുരുട്ടല്‍ രോഗം ബാധിച്ചതിനാല്‍ മുരിക്ക് കൂട്ടത്തോടെ നശിച്ചു. റബറിലും കമുകിലും കുരുമുളക് വള്ളി പടര്‍ത്താനുള്ള ശ്രമങ്ങളും വിഫലമാവുകയാണ്. ഇടുക്കിയില്‍ കൃഷി പാടെ തകര്‍ന്നതോടെ വടക്കന്‍ ബംഗാളിലേക്കാണ് കുരുമുളക് കയറ്റുമതി ഏജന്‍സികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.