ഇസ്രയേലില്‍ മുങ്ങിയ ബിജുവിന്‍റെ വിസ റദ്ദാക്കും; തുടർനടപടികൾ ഇന്നുണ്ടാകും
കണ്ണൂര്‍: ഇസ്രായേലിൽ മുങ്ങിയ കർഷകൻ ബിജു കുര്യന്‍റെ വിസ റദ്ദാക്കുന്നതിൽ തുടർനടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനം. ബുജു കുര്യനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ കൃഷിമന്ത്രി കൂടുതൽ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്രായേലിലേക്ക് പോയ ബിജു കുര്യൻ എന്ന കർഷകന്‍റെ തിരോധാനത്തിൽ കൃഷി വകുപ്പിനും കുടുംബത്തിനും കൂടുതൽ വ്യക്തതയില്ല. സുരക്ഷിതനാണെന്ന് ഭാര്യയ്ക്ക് സന്ദേശമയച്ചതിന് ശേഷം ബന്ധുക്കൾക്കും ബിജുവിനെ കുറിച്ച് ഒരു വിവരവുമില്ല.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകും ബിജു കുര്യനും ഉൾപ്പെടെ 27 കർഷകരാണ് ഈ മാസം 12ന് നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ബിജുവിനെ കാണാതായത്. ഇരിട്ടി പേരട്ടയിലെ ബിജുവിന്‍റെ വീട് ഇപ്പോൾ പൂട്ടികിടക്കുകയാണ്.