സംസ്ഥാനത്ത് പാൽ, മാംസ, മുട്ട സ്വയംപര്യാപതത സർക്കാർ ലക്ഷ്യം: മന്ത്രി ചിഞ്ചുറാണി
സംസ്ഥാനത്ത് പാൽ, മാംസ, മുട്ട സ്വയംപര്യാപതതയ്ക്ക് പുതിയ പദ്ധതികൾ ആരംഭിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി. വാഴവര നിർമ്മല സിറ്റിയിൽ ആരംഭിച്ച ഹേർഡ് ക്വാറൻ്റെെൻ കം ക്യാറ്റിൽ ട്രേഡിങ് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
പാൽ വരുമാനത്തിൻ്റെ 80% വകുപ്പ് ചെലവഴിക്കുന്നത് ക്ഷീര സംഘങ്ങൾ വഴിയാണ്. പാലിൻ്റെ വിലയിൽ വരുത്തിയ വർദ്ധനവിൻ്റെ 83.75% കർഷകർക്ക് നൽകുന്നു. സംസ്ഥാനത്തെ ക്ഷീര കർഷകരുടെ 85% കാലികളും സങ്കര ഇനത്തിൽ പെട്ടതാണ്. കാലികളിലുണ്ടാകുന്ന ചർമ്മമുഴ, കുളമ്പുരോഗം എന്നിവയ്ക്കെതിരെ ആറു മാസ ഇടവേളകളിലായി മൂന്ന് തവണ പ്രതിരോധ കുത്തിവെയ്പ് നൽകി. പക്ഷിപ്പനി, പന്നിപ്പനി എന്നിവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സമയബന്ധിതമായ ഇടപെടലിലൂടെ നിയന്ത്രിക്കാനായി. നഷ്ടം സംഭവിച്ച കർഷകർക്ക് ആശ്വാസമായി 7 കോടി രൂപ വിതരണം ചെയ്തു. തൊഴിൽ രഹിതരായ യുവാക്കൾക്ക് പശുവിനെ വളർത്തുന്നതിന് കെഎൽഡി ബോർഡ് പുതിയ പദ്ധതി ആരംഭിക്കും. രാഷ്ട്രീയ ഗോകുൽ മിഷൻ മുഖേന അപേക്ഷിക്കുന്നവർക്ക് 50% സബ്സിഡി ലഭിക്കും. ക്ഷീരഗ്രാമം പദ്ധതി കൂടുതൽ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കർഷകർക്ക് വെറ്ററിനറി ഡോക്ടറുടെ സേവനം ദിവസം മുഴുവൻ ലഭ്യമാക്കുന്നതിന് ബ്ലോക്കുകൾക്ക് വാഹനം അനുവദിക്കും. 1962 എന്ന സംസ്ഥാന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന കാലികൾക്ക് പകർച്ച വ്യാധികളൊന്നുമില്ലെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തുന്നതിന് താൽക്കാലികമായി പാർപ്പിക്കുന്നതിനുള്ള കേന്ദ്രമാണ് ഹേർഡ് ക്വാറൻ്റെെൻ കം ക്യാറ്റിൽ ട്രേഡിങ് സെൻ്റർ.
കട്ടപ്പന മുനിസിപ്പൽ വാർഡ് കൗൺസിലർ ജെസി ബെന്നി അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ എം.റ്റി.ജയൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ജോയിൻ്റ് ഡയറക്ടർ സിൽവി മാത്യു പദ്ധതി വിശദീകരിച്ചു. ആപ് കോസ് ബോർഡ് മെമ്പർ സന്തോഷ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡോളസ് പി.ഇ, മുനിസിപ്പൽ കൗൺസിലർമാർ, സഹകാരികൾ, വകുപ്പ് ജീവനക്കാർ, ക്ഷീര കർഷകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.