ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ തലയാട് സ്വദേശി ലയജക്കും വീഴ്‌ചയില്‍ ശരീരം തളര്‍ന്ന ഇടുക്കിയിലെ സിജി ജോസഫിനും വിവാഹനാളില്‍ അണിയാനുള്ള വസ്ത്രങ്ങള്‍ സമ്മാനിച്ച് ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ സിനിമയിലെ ബാലതാരങ്ങളായ എസ്.ധനലക്ഷ്മിയും, മാധവും
ബാലുശ്ശേരി: ഒന്നരവയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ തലയാട് സ്വദേശി ലയജക്കും വീഴ്‌ചയില്‍ ശരീരം തളര്‍ന്ന ഇടുക്കിയിലെ സിജി ജോസഫിനും വിവാഹനാളില്‍ അണിയാനുള്ള വസ്ത്രങ്ങള്‍ സമ്മാനിച്ച് ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ സിനിമയിലെ ബാലതാരങ്ങളായ എസ്.ധനലക്ഷ്മിയും മാധവും. ഞായറാഴ്ച വൈകീട്ട് തലയാട് പാരിഷ്ഹാളില്‍ നടന്ന സുഹൃദ് സല്‍ക്കാരത്തിലായിരുന്നു വസ്ത്രം കൈമാറിയത്.
അടിമാലി മാങ്കുളം സ്വദേശി സിജി ജോസഫിന് (47) മരത്തില്‍നിന്ന് വീണാണ് ശരീരം തളര്‍ന്നത്. വര്‍ഷങ്ങളുടെ ചികിത്സക്കുശേഷം കാലിഫറിന്റെയും വാക്കറിന്റെയും സഹായത്തോടെ ഏതാനും ചുവടുവെക്കാവുന്ന നിലയിലെത്തി. ഒന്നരവയസ്സില്‍ പിടികൂടിയ പോളിയോ മൂലമാണ് തലയാട് സ്വദേശിനി ലയജയുടെ(44) കാലുകള്‍ തളര്‍ന്നത്.
വീല്‍ചെയറിലിരുന്ന് കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിര്‍മിച്ചും തയ്യല്‍ ജോലിചെയ്‌തും അതിജീവനപ്പോരാട്ടം നയിക്കുകയാണിവര്‍. തലയാട് 25ാം മൈലിനടുത്ത് കൊല്ലരുകണ്ടി ശ്രീധരന്‍-ലീല ദമ്ബതികളുടെ മകളാണ് ലയജ. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്മ ലീല. പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നതാണെങ്കിലും ശാരീരിക പരിമിതിയെ മറികടന്ന് ജീവിതത്തെ സജീവമാക്കി നിര്‍ത്തിയിരുന്നു ലയജ.
കഴിഞ്ഞ കോവിഡ് കാലത്ത് ആയിരക്കണക്കിന് മാസ്കുകളാണ് വീട്ടിലിരുന്നുകൊണ്ട് ലയജ തയ്ച്ചിരുന്നത്. ഓണ്‍ലൈന്‍ വഴിയും യുട്യൂബ് വഴിയും മാസ്കുകള്‍ക്ക് നിരവധി ഓര്‍ഡറുകളും ലഭിച്ചിരുന്നു. രണ്ടുവര്‍ഷം വിശ്രമമില്ലാതെയായിരുന്നു ലയജ ജോലി ചെയ്തത്. കരകൗശല നിര്‍മാണത്തിലും പ്രാവീണ്യം നേടിയിരുന്നു.
സാന്ത്വനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയായ ‘കൂട്ട’ത്തിലെ അംഗങ്ങളാണ് സിജിയും ലയജയും. ഈ കൂട്ടായ്‌മയിലെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിലേക്കെത്തിച്ചത്. ബാലതാരങ്ങളായ മാധവും ധനലക്ഷ്‌മിയും അഭിനയിക്കുന്ന ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയിലെ പ്രവര്‍ത്തകരെ ഇവര്‍ പരിചയപ്പെട്ടിരുന്നു.
ഇതാണ് ലയജയുടെയും സിജിയുടെയും ജീവിതത്തിനൊപ്പം നില്‍ക്കാന്‍ മാധവിനും ധനലഷ്മിക്കും പ്രേരണയായത്. ഇരുവര്‍ക്കും ലഭിച്ച സംസ്ഥാന സര്‍ക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്‌കാര തുകയില്‍നിന്നാണ് കാസര്‍കോട് ചെറുവത്തൂരിലെ സി. ധനലക്ഷ്‌മിയും ഇടുക്കി അടിമാലിയിലെ മാധവും വധുവരന്മാരുടെ വിവാഹവസ്‌ത്രങ്ങളും ലയജയുടെ അമ്മക്കുള്ള വസ്‌ത്രങ്ങളും സമ്മാനിച്ചത്. ഈ മാസം 23ന് ഇടുക്കി പെരുമ്ബന്‍കുത്തിലെ റിവര്‍ ലാന്‍ഡ് റിസോര്‍ട്ടിലാണ് ലളിതമായ വിവാഹച്ചടങ്ങ്.