ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടി; നടപടി സാമ്പത്തിക പ്രതിസന്ധി മൂലം
ന്യൂഡൽഹി: ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടി. ഡൽഹി, മുംബൈ ഓഫീസുകളാണ് അടച്ചത്. ഈ ഓഫീസുകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശിച്ചതായാണ് വിവരം.
കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധി നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെ ഇന്ത്യയിലെ ഓഫീസുകൾ അടച്ചിടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പിന്നാലെയാണ് ഇന്ത്യയിലെ രണ്ടിടങ്ങളിലെ ട്വിറ്റർ ഓഫീസുകൾ അടച്ചത്. അതേസമയം, ബെംഗളൂരുവിലെ ഓഫീസ് നിലനിർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ട്വിറ്ററിന്‍റെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള പിരിച്ചുവിടൽ നടപടികളടക്കം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിൽ മാത്രം 90 ശതമാനത്തിലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ.