ഉയർന്ന് സിഎൻജി വിലയും; മൂന്ന് മാസത്തിനിടെ എട്ട് രൂപയുടെ വർദ്ധന
കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്.
സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ 91 രൂപയായി. നൂറുകണക്കിന് സി.എൻ.ജി ഓട്ടോകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ള സിഎൻജി ഉപഭോക്താക്കൾ പറയുന്നത് വിലവർദ്ധനവ് മൂലം നഷ്ടം നേരിടുന്നുവെന്നാണ്. അവരിൽ ഭൂരിഭാഗവും കുറച്ച് പണം കയ്യിൽ നിന്നെടുത്തും ബാക്കി ഫിനാന്‍സിനെടുത്തുമാണ് സിഎൻജി വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്. എന്നാൽ തിരിച്ചടവ് പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സിഎൻജിയുടെ വിലയും ഡീസൽ വിലയ്ക്ക് അടുത്തെത്തി. ഇങ്ങനെ പോയാല്‍ വാഹനം ഫിനാന്‍സുകാര്‍ കൊണ്ടുപോകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കൊച്ചിയിലുണ്ട്. വിലക്കയറ്റം കാരണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ സിഎൻജിയിൽ പ്രവർത്തിക്കുന്ന ബസുകളുടെയും ട്രാവലറുകളുടേയും രജിസ്ട്രേഷനിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107.71 രൂപയും ഡീസലിന് 96.52 രൂപയുമാണ് വില. വിലവർദ്ധന നിയന്ത്രണമില്ലാതെ തുടർന്നാൽ കൂടുതൽ പേർ സി.എൻ.ജി വാഹനങ്ങൾ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.