അദാനി വിഷയം; വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള ഏജൻസികൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ പര്യാപ്തമാണെങ്കിലും സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ തകർച്ചയും ഇന്ത്യൻ നിക്ഷേപകർക്കുണ്ടായ നഷ്ടവും ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികളായിരിക്കും വിദഗ്ദ സമിതി പഠിക്കുക.
അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നുണ്ടായ ഓഹരി വിപണിയിലെ വൻ തകർച്ചയെക്കുറിച്ചും നിക്ഷേപകർക്കുണ്ടായ നഷ്ടത്തെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.