വനിതാ ഐ.പി.എല്‍ താരലേലം ഇന്ന്; രജിസ്റ്റർ ചെയ്തിട്ടുള്ളത് 1525 കളിക്കാർ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ വനിതാ താരലേലം തിങ്കളാഴ്ച മുംബൈയിൽ നടക്കും. 1525 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 409 പേരെ ലേലത്തിൽ ഉൾപ്പെടുത്തും. ഇതിൽ 246 പേർ ഇന്ത്യയിൽ നിന്നും 163 പേർ മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണ്.
അഞ്ച് ടീമുകളാണ് ലേലത്തിലുള്ളത്. ഓരോ ടീമിനും 15-18 കളിക്കാരെ തിരഞ്ഞെടുക്കാം. ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താം. ഓരോ ടീമിനും ചെലവഴിക്കാവുന്ന പരമാവധി തുക 12 കോടിയാണ്.
പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷഫാലി വര്‍മ എന്നിവർക്കാണ് ഈ അടിസ്ഥാന വില. എലിസ് പെറി, സോഫി എക്ലസ്റ്റോണ്‍, സോഫി ഡെവിന്‍, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരുൾപ്പെടെ 13 വിദേശ കളിക്കാരുടെ അടിസ്ഥാന വിലയും 50 ലക്ഷം രൂപയാണ്. ഉച്ചയ്ക്ക് 2.30 മുതൽ വയാകോം 18, സ്പോർട്സ് 18 ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യും.