സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി
പാലക്കാട്: സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍(ക്രിഫ്)നിന്ന് അനുവദിച്ച 506.14 കോടി രൂപയുപയോഗിച്ചാണ് നവീകരണ, നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കുക.പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു വ്യക്തമാക്കി.
നിലവിലെ നിരക്കില്‍നിന്ന് 10 ശതമാനം അധികതുക നിശ്ചയിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
ഏഴു റോഡുകള്‍ നവീകരിക്കുന്ന വയനാട് ജില്ലയാണ് പട്ടികയില്‍ മുന്നില്‍. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളില്‍ നാല് റോഡുകള്‍ വീതം നവീകരിക്കും. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഓരോ റോഡിന് വീതം അനുമതിയുണ്ട്. പാലക്കാട്ട്, കല്ലടിക്കോട്-പുലാപ്പറ്റ-ശ്രീകൃഷ്ണപുരം 15 കിലോമീറ്റര്‍ റോഡ് 18 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കും. നെന്മാറ-ഒലിപ്പാറ റോഡില്‍ 11.8 കിലോമീറ്റര്‍ 16.5 കോടിയ്ക്കാണ് നവീകരിക്കുക.
പെട്രോള്‍, ഹൈസ്പീഡ് ഡീസല്‍ എന്നിവയ്ക്ക് സെസ് ചുമത്തിയാണ് കേന്ദ്രസര്‍ക്കാര്‍ ‘ക്രിഫ്’ ഫണ്ട് സ്വരൂപിക്കുന്നത്.