ഇടുക്കി ജില്ലയില്‍ 29 പഞ്ചായത്തുകളില്‍ പൊതുശ്മശാനമില്ല.
തൊടുപുഴ: ജില്ലയില്‍ 29 പഞ്ചായത്തുകളില്‍ പൊതുശ്മശാനമില്ല.ഹൈറേഞ്ച് മേഖലകളിലും തോട്ടം മേഖലകളിലുമടക്കം പൊതുശ്മശാനങ്ങളുടെ അഭാവം വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. പലപ്പോഴും കിലോമീറ്ററുകളോളം മൃതദേഹം കൊണ്ടുപോയ സംഭവങ്ങളുണ്ടായിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടത്തുന്ന രീതിയാണ് ഗ്രാമങ്ങളിലും മറ്റും കൂടുതല്‍. എന്നാല്‍, ഭൂമി സംബന്ധമായ പരിമിതികളും ഉയര്‍ന്ന ജനസാന്ദ്രതയും വീട്ടുവളപ്പിലെ സംസ്കാര രീതികള്‍ക്ക് അനുയോജ്യമാകാത്തതിനാല്‍ പലരും പൊതുശ്മശാനങ്ങളെയാണ് ആശ്രയിക്കുന്നത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൊതുശ്മശാനങ്ങളുടെ നിര്‍മാണവും അവയുടെ പരിപാലനവും ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍, സ്ഥലലഭ്യതക്കുറവും ഭൂപ്രകൃതിയുടെ പ്രത്യേകതയുമാണ് ജില്ലയിലെ പല മേഖലകളിലും പൊതുശ്മശാനങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. പ്രദേശവാസികളുടെയടക്കം എതിര്‍പ്പും പ്രധാന തടസ്സങ്ങളിലൊന്നാണ്.
അടിമാലി ബ്ലോക്കില്‍ ബൈസണ്‍വാലി, പള്ളിവാസല്‍, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലും അഴുതയില്‍ കൊക്കയാറും പെരുവന്താനവും ഇടുക്കി ബ്ലോക്കില്‍ അറക്കുളം, കഞ്ഞിക്കുഴി, കാമാക്ഷി, മരിയാപുരം വാത്തിക്കുടി പഞ്ചായത്തുകളും ഇളംദേശം ബ്ലോക്കിന് കീഴില്‍ ആലക്കോട്, കരിമണ്ണൂര്‍, കോടിക്കുളം, കുടയത്തൂര്‍, ഉടുമ്ബന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളും കട്ടപ്പന ബ്ലോക്കില്‍ ഇരട്ടയാര്‍, കാഞ്ചിയാര്‍, ഉപ്പുതറ പഞ്ചായത്തുകളും തൊടുപുഴയില്‍ ഇടവെട്ടി, കുമാരമംഗലം, മണക്കാട്, മുട്ടം പഞ്ചായത്തുകളും ദേവികുളത്ത് ചിന്നക്കനാല്‍, ദേവികുളം, ഇടമലക്കുടി, മാങ്കുളം, ശാന്തന്‍പാറ എന്നിവയും നെടുങ്കണ്ടം ബ്ലോക്കില്‍ കരുണാപുരത്തുമാണ് പൊതുശ്മശാനമില്ലാത്തത്.
ശാന്തന്‍പാറയില്‍ വൈദ്യുതി ശ്മശാനം തുടങ്ങുന്നതിന് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടുമ്ബന്‍ചോല എം.എല്‍.എ എം.എം. മണി മുഖേന സമര്‍പ്പിച്ച നിവേദനം പരിശോധിക്കുന്നതിന് ഡയറക്ടേറ്റിലേക്ക് കൈമാറിയിട്ടുണ്ട്. അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശവും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിനായി പഞ്ചായത്ത് വകുപ്പ് മുഖേന ധനസഹായം അനുവദിക്കാന്‍ 2019-20വരെ തുക വകയിരുത്തിയിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. നിലവില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിനായി സ്ഥലം ലഭ്യമാക്കിയ പഞ്ചായത്തുകള്‍ അവക്ക് ലഭ്യമാകുന്ന വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുശ്മശാനം നിര്‍മിക്കുന്നതിനായി പദ്ധതി തയാറാക്കി വരുകയാണെന്ന് അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തെ 150 തദ്ദേശ സ്ഥാപനങ്ങളില്‍ കിഫ്ബി ധനസഹായത്തോടെ ആധുനിക പൊതു ശ്മശാനം സ്ഥാപിക്കുന്നതിനായി 123 കോടിയുടെ ഭരണാനുമതി നല്‍കി ഉത്തരവായിട്ടുണ്ട്. ആധുനിക പൊതുശ്മശാനം നിര്‍മിക്കുന്നതിനായി ഇംപാക്‌ട് കേരള മുഖേന ധനസഹായം ലഭ്യമാകുന്നതിന് അതത് പഞ്ചായത്തുകള്‍ അവരുടെ വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഇംപാക്‌ട് കേരളക്ക് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അംഗീകരിക്കുന്ന മുറക്ക് നിര്‍മാണം ആരംഭിക്കാന്‍ കഴിയും.