വോട്ടെണ്ണൽ കേന്ദ്രം സജ്ജമാകുന്നു എല്ലാം കോവിഡ് മാനദണ്ഡങ്ങളോടെ
നെടുങ്കണ്ടം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവും, വോട്ടെണ്ണലും കോവിഡിനെ മറികടന്ന് വലിയ കൂട്ടം ചേരലും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവർത്തകരുടെ ഒഴുക്കും ആയിരുന്നെങ്കിൽ ഇത്തവണ അടിമുടി മാറ്റമാണ് ഇവിടെ നിയമസഭാ പ്രചാരണ ഘട്ടത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്തിന്റെ ദൂഷ്യം അനുഭവിക്കുന്ന ഈ ഘട്ടത്തിൽ കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉടുമ്പൻചോല നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ്
സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച നടക്കുന്ന വോട്ടെണ്ണലിനായി ക്രമീകരണങ്ങൾ ആരംഭിച്ചു. വലിയ സുരക്ഷയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഒരുക്കങ്ങൾ നടക്കുന്നത്.
റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടർ എസ്.ബിന്ദു, ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
232 ബൂത്തുകളിലെ കൺട്രോൾ യൂണിറ്റുകളാണ് കേന്ദ്രത്തിൽ എണ്ണുന്നത്. വോട്ടെണ്ണലിനായി 135 ഉദ്യോഗസ്ഥരെയും കേന്ദ്രസേനയുൾപ്പടെ 300 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയമിച്ചിരിക്കുന്നത്. 135 ഉദ്യോഗസ്ഥരിൽ 45 പേർ മൈക്രോ ഒബ്‌സർവർമാരും, 45 പേർ സൂപ്പർവൈസർമാർ, 45 പേർ കൗണ്ടിങ് അസിസ്റ്റന്റുമാരുമാണ്. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി സ്‌കൂൾ ഓഡിറ്റോറിയത്തെ മൂന്ന് ചെറിയ ഹാളുകളായി മറച്ചുകെട്ടി തിരിച്ചാണ് വേട്ടെണ്ണൽ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ഓരോ ഹാളിലെയും വോട്ടെണ്ണലിന്റെ നിയന്ത്രണത്തിനായി അസി.റിട്ടേണിങ് ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു ഹാളിൽ കൺട്രോൾ യൂണിറ്റുകൾ എണ്ണുന്ന ആറ് കൗണ്ടറുകൾ ഉണ്ടായിരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. ഇത്തരത്തിലുള്ള ഓരോ കൗണ്ടറിലും സൂപ്പർവൈസർ, കൗണ്ടിങ് അസിസ്റ്റൻഡ്, ഹെൽപ്പർ എന്നിവരുണ്ടായിരിക്കും.
ഒന്നാം നമ്പർ ഹാളിൽ കൺട്രോൾ യൂണിറ്റുകൾ എണ്ണുന്ന ടേബിളിന് പുറമെ പോസ്റ്റൽ വോട്ടുകളെണ്ണുന്ന അഞ്ച് കൗണ്ടറുകളും, വിവി പാറ്റ്, സർവീസ് വോട്ടുകൾ എന്നിവ എണ്ണുന്ന ഓരോ കൗണ്ടറുകളും ഉണ്ടാകും. കൂടാതെ ഒന്നാം നമ്പർ ഹാളിനോട് ചേർന്നുള്ള സ്‌റ്റേജിൽ റിട്ടേണിങ് ഓഫീസർ, ഒബ്‌സർവർ, ഡാറ്റ എൻട്രി ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരിക്കും. വോട്ടെണ്ണുന്ന ഹാളിനുള്ളിൽ ഗ്രില്ലിട്ട് തിരിച്ചിരിക്കുന്ന പ്രത്യേക ഭാഗത്താണ് സ്ഥാനാർഥികൾക്കും അവരുടെ പ്രതിനിധികൾക്കും നടപടികൾ വീക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 7.30-നാണ് സ്ഥാനാർഥികളുടെ സാന്നിദ്ധ്യത്തിൽ സ്‌ട്രോങ് റൂമുകൾ തുറക്കുന്നത്. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ തന്നെ ആദ്യ ഫലസൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്സമയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും പ്രദർശിപ്പിക്കും. ഉച്ചക്ക് 12 മണിയോടെ കൺട്രോൾ യൂണിറ്റുകളും, രണ്ട് മണിയോടെ നറുക്കിട്ടെടുക്കുന്ന അഞ്ച് വിവി പാറ്റ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തീർക്കാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മൂന്ന് ഘട്ടങ്ങളായി പഴുതടച്ച സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടേക്ക് പോലീസ്, ആംമ്ഡ് ഫോഴ്‌സ്, കേന്ദ്രസേന എന്നിവരുടെ സുരക്ഷാ വലയങ്ങൾ കടന്നുവേണം എത്താൻ. കേന്ദ്രത്തിനുള്ളിലോ പരിസരത്തോ കൂട്ടം കൂടുന്നതിനും ആഹ്ലാദ പ്രകടനം നടത്തുന്നതിനും വിലക്കുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കേണ്ടവർക്കെല്ലാം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.