വിനോദയാത്രക്ക് അവധിയെടുത്ത് താലൂക്ക് ഓഫീസ് ജീവനക്കാർ; വിഷയം ഗൗരവമായി കാണുന്നെന്ന് മന്ത്രി
പത്തനംതിട്ട: കൂട്ട അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയി കോന്നി താലൂക്ക് ഓഫീസിലെ റവന്യു വകുപ്പ് ജീവനക്കാർ. 63 ജീവനക്കാരിൽ 21 പേർ മാത്രമാണ് ഇന്ന് ഓഫീസിലെത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്രയ്ക്ക് പോയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ തഹസിൽദാരെ വിളിച്ച് ക്ഷുഭിതനായി. മൂന്ന് ദിവസത്തെ ഉല്ലാസയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് വിവരം. നാളെ രണ്ടാം ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ യാത്രക്കാണ് പോയതെന്നാണ് മറ്റ് ജീവനക്കാർ പറഞ്ഞത്. ഉദ്യോഗസ്ഥരുടെ കൂട്ട അവധി അറിയാതെ നിരവധി സാധാരണക്കാർക്ക് ഇന്ന് ഓഫീസിൽ വന്ന് കാഴ്ചക്കാരായി നിൽക്കേണ്ടിവന്നു.
എം.എൽ.എയുടെ പരാതിയെ തുടർന്ന് ഇക്കാര്യം പരിശോധിക്കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. ഓഫീസിലെത്തിയ എം.എൽ.എ, തഹസിൽദാരും അവധിയിലാണെന്ന് അറിഞ്ഞ് ഡെപ്യൂട്ടി തഹസിൽദാരുമായി സംസാരിച്ചു. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം തഹസിൽദാരുടെ അധ്യക്ഷതയിൽ ഇന്ന് എം.എൽ.എയുടെ യോഗം ചേരാനിരിക്കുകയായിരുന്നു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികൾ ഉണ്ടെന്ന് തഹസിൽദാർ അറിയിച്ചതിനെ തുടർന്ന് എം.എൽ.എ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. ഓഫീസിൽ ആരുമില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എം.എൽ.എ തഹസിൽദാർ ഓഫീസിലെത്തിയപ്പോഴാണ് തഹസിൽദാർ മൂന്നാറിലേക്ക് ടൂറുപോയ വിവരം അറിയുന്നത്.
വിഷയത്തിൽ എം.എൽ.എയുമായി സംസാരിച്ചിട്ടുണ്ടെന്നും വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് അവധിയെടുത്തതെന്ന് വിശദീകരിക്കാൻ എല്ലാ ജീവനക്കാരോടും ആവശ്യപ്പെടും. സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടുണ്ടാകും. കൂട്ട അവധി എടുക്കുന്ന രീതി ഒരു തരത്തിലും സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.