കട്ടപ്പന ഫെസ്റ്റ് നാളെ മുതൽ
കട്ടപ്പന: ഇടുക്കി ജില്ലാ രൂപീകരണത്തിൻ്റെയും കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി മർച്ചൻ്റ്സ് അസോസിയേഷൻ, മർച്ചൻ്റ്സ് യൂത്ത് വിങ്ങ്, വനിതാ വിങ്ങ് എന്നിവയുടെ നേതൃത്വത്തിൽ കട്ടപ്പന ഫെസ്റ്റിന് നാളെ മുതൽ തുടക്കമാകും. ഫെബ്രുവരി 26 വരെ കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് ഫെസ്റ്റ് നടക്കുന്നത്. നാളെ വൈകിട്ട് 4.30 ന് ഇടുക്കിക്കവലയിൽ നിന്നും വർണശബളമായ ഘോഷയാത്ര നടക്കും.തുടർന്ന് കട്ടപ്പന ഫെസ്റ്റിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ മൈതാനിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.എം.പി, എം.എൽ.എമാർ,കലക്ടർ, സിനിമ, സീരിയൽ താരങ്ങൾ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. വിനോദവും വിജ്ഞാനവും പകരുന്ന സർക്കാർ, സർക്കാർ ഇതര സ്റ്റാളുകൾ, അത്യാധുനിക സജ്ജീകരണങ്ങളുമായി അമ്യൂസ്മെൻ്റ് പാർക്ക്, കുട്ടികൾക്കായുള്ള പ്രത്യേക റൈഡുകൾ പൂക്കളുടെ പുതുവസന്തമൊരുക്കി ഫ്ലവർ ഷോ, 100-ഓളം വ്യത്യസ്ത രുചി കൂട്ടുകളുമായി ഫുഡ്കോർട്ട്, ഒട്ടക, കുതിര സവാരികൾ തുടങ്ങി നിരവധി വേറിട്ട വിസ്മയ കാഴ്ചകളാണ് ഫെസ്റ്റ് നഗരിയിൽ ഒരുക്കുന്നത്.കൂടാതെ എല്ലാ ദിവസവും വൈകിട്ട് സിനിമ, ടിവി താരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാവിരുന്നും അരങ്ങേറും.
ഗാനമേളകള്‍, മെഗാഷോകള്‍,ഫ്യൂഷന്‍ മ്യൂസിക്, സിനിമാറ്റിക് ഡാൻസ്, നാടന്‍പാട്ട്, ഡിജെ,ബെല്ലി ഡാൻസ്, മിസ് ഇടുക്കി, മിസ്റ്റർ ഇടുക്കി,സെമിനാറുകള്‍, കലാപരിപാടികള്‍, തുടങ്ങി നിരവധി പ്രോഗ്രാമുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെ പാസ് മുഖേന പൊതുജനങ്ങള്‍ക്ക് ഫെസ്റ്റ് നഗരിയിൽ പ്രവേശിക്കാം. കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ലഭിക്കുന്ന ഡിസ്കൗണ്ട് കൂപ്പണുകൾ ഉപയോഗിച്ച് ഫെസ്റ്റ് നഗരിയിൽ പ്രവേശിക്കാവുന്നതാണെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു