ഇന്ധന സെസ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം | ഇന്ധന സെസ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.കോണ്‍ഗ്രസ് മാത്രമല്ല, ഇന്ധന വിലനിര്‍ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ ബി ജെ പിയും സമരത്തിലുണ്ടെന്നതാണ് വിചിത്രമായ സംഗതിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരു കൂട്ടരും. എണ്ണ കമ്ബനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞ് മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്. ഇവരുടെ സമരകോലാഹലം ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ഞെരുക്കി തോല്‍പ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേരളത്തിലെ ധനസ്ഥിതി സംബന്ധിച്ച് വ്യാജ പ്രചാരണവും അഴിച്ചുവിടുന്നു. സംസ്ഥാനം കടക്കെണിയിലാണെന്നാണ് പ്രചാരണം. എന്നാല്‍, കേരളത്തിന്റെ കടം 1.5 ശതമാനം കുറഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. നിലവിലെ കടത്തിന്റെ കണക്ക് മുഖ്യമന്ത്രി വിശദീകരിച്ചു.