സമ്പൂര്‍ണ സ്‌കൂള്‍ അടുക്കള പച്ചക്കറി തോട്ടം പദ്ധതിജില്ലാതല പ്രഖ്യാപനം ഫെബ്രുവരി 10ന് ഇടമലക്കുടിയില്‍
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ സ്‌കൂള്‍ അടുക്കള പച്ചക്കറി തോട്ടം പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് ഇടമലക്കുടി ഗവ: ട്രൈബല്‍ എല്‍.പി.സ്‌കുളില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു നിര്‍വ്വഹിക്കും. ഉച്ചഭക്ഷണ പദ്ധതിയില്‍ 461 സ്ഥാപനങ്ങളിലെ 79,868 കുട്ടികള്‍ ഗുണഭോക്താക്കളാണ്. ഇവര്‍ക്ക് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ചോറിനോടൊപ്പം രണ്ട് കൂട്ടം കറികളും ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയും രണ്ട് ദിവസങ്ങളില്‍ പാലും നല്‍കുന്നു. ഇവ കൂടാതെ ‘ഒരുമയോടെ ഒരു മനസ്സായി ക്യമ്പയിന്‍’ പ്രകാരം എല്ലാ സ്‌കൂളുകളിലും അധിക വിഭവം കൂടി പാചകം ചെയ്തു നല്‍കുന്നു. സ്‌കൂളില്‍ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികള്‍ ഉള്‍പ്പെടുത്തി ചോറിനൊപ്പം രുചികരമായ കറികളാണ് സംസ്ഥാന ഗവണ്‍മെന്റ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ഇടുക്കി ജില്ലയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതിന്റെ ഔപചാരികമായ പ്രഖ്യാപനമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കേരളത്തിലെ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ നടത്തുന്നത്.
പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് സി.എ, നൂണ്‍ മീല്‍ സീനിയര്‍ എ.എ. ബിജു വര്‍ഗ്ഗീസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബിന്ദു.കെ., ജില്ലാ നൂണ്‍ മീല്‍ സൂപ്പര്‍ വൈസര്‍ സൈമണ്‍.പി.ജെ, വിദ്യകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനുമോന്‍, നൂണ്‍ മില്‍ ആഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.