സത്യാഗ്രഹമിരിക്കുന്ന നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തി; നിയമസഭയിൽ തർക്കം
തിരുവനന്തപുരം: നിയമ സഭയിൽ തർക്കത്തിന് കാരണമായി ഹാജർ വിവാദം. സത്യാഗ്രഹം നടത്തുന്ന മുസ്ലിം ലീഗ് എം.എൽ.എ നജീബ് കാന്തപുരം സഭയിൽ ഹാജർ രേഖപ്പെടുത്തിയതാണ് വിവാദ കാരണം. ഇന്നലെ ഹാജർ രേഖപ്പെടുത്തിയത് തെറ്റ്പറ്റിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഹാജർ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സ്പീക്കർക്ക് കത്തയച്ചു. നിയമസഭയിലെ അംഗങ്ങള്‍ക്ക് ഇ സിഗ്നേച്ചര്‍ ആണ്.
ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിഞ്ഞത്. ഉടൻ തന്നെ വിഷയം സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. സത്യാഗ്രഹം നടത്തുന്ന എം.എൽ.എമാർ സഭയിൽ പ്രവേശിക്കുകയോ സഭാ നടപടികളിൽ പങ്കെടുക്കുകയോ ചെയ്യാറില്ല. ഈ സാഹചര്യത്തിലാണ് പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം ഹാജർ രേഖപ്പെടുത്തിയത്.
ഇന്ധന സെസ് ഉൾപ്പെടെയുള്ള സംസ്ഥാന ബജറ്റിലെ നികുതി നിർദേശങ്ങൾ, വാട്ടർ ചാർജ് വർധന എന്നിവയിൽ പ്രതിഷേധിച്ചാണ് നാല് യു.എഫ് എം.എൽ.എമാർ നിയമസഭാ കവാടത്തിൽ പ്രതിഷേധിക്കുന്നത്. നജീബ് കാന്തപുരത്തിന് പുറമെ പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി ആർ മഹേഷ് എന്നിവരാണ് അനിശ്ചിതകാല സത്യാഗ്രഹം നടത്തുന്നത്.