കഴിഞ്ഞ വർഷം കേരളത്തിൽ എത്തിയത് 1.88 കോടി ആഭ്യന്തര സഞ്ചാരികൾ
കോവിഡ് വ്യാപനത്തിന്റെ തിരിച്ചടികള്‍ മറികടന്ന് കേരളത്തിലെ ടൂറിസം മേഖല വളര്‍ച്ചയിലേക്ക്. ആഭ്യന്തര സഞ്ചാരികളുടെ സന്ദര്‍ശനത്തില്‍ കേരളം 2022ല്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. 2022ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികള്‍ കേരളം സന്ദര്‍ശിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കോവിഡിന് മുമ്ബ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. എന്നാല്‍ 2022ല്‍ ഇത് 1,88,67,414 ആയി ഉയര്‍ന്നെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. 2.63 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ജില്ലകള്‍ സര്‍വകാല റെക്കോര്‍ഡെന്ന നേട്ടം കൈവരിച്ചു.
ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളില്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. 2022ല്‍ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂര്‍, വയനാട് എന്നീ ജില്ലകളും മുന്നിലുണ്ടെന്ന് മന്ത്രി അറിയിച്ചു.