ഗവേഷണ പ്രബന്ധ വിവാദം; ചിന്തയുടെ ഗൈഡിനോട് വിശദീകരണം തേടി സര്‍വകലാശാല
തിരുവനന്തപുരം: ഗവേഷണ പ്രബന്ധ വിവാദത്തിൽ ചിന്താ ജെറോമിന്‍റെ ഗൈഡ് ഡോ. പി.പി അജയകുമാറിനോട് വിശദീകരണം തേടി സർവകലാശാല. പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ ബുധനാഴ്ച മടങ്ങിയെത്തിയാലുടൻ തീരുമാനമെടുക്കും. ചിന്തയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ വി.സിക്ക് കൈമാറുകയും റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. വി.സി സ്ഥലത്തില്ലാത്തതിനാൽ രജിസ്ട്രാർ പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി.
ഗവേഷണ പ്രബന്ധത്തിന്‍റെ ഒരു ഭാഗം ചില ഓൺലൈൻ പ്രസിദ്ധീകരണങ്ങളുടെ പകർപ്പാണെന്ന് പരാതിയുണ്ട്. രജിസ്ട്രാറുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ വൈസ് ചാൻസലർ തീരുമാനമെടുക്കും. തെറ്റായ ഭാഗം തിരുത്തി വീണ്ടും പ്രബന്ധം സർവകലാശാലയ്ക്ക് സമർപ്പിക്കാൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയില്ല. അനുവദിച്ച ബിരുദം തിരികെ നൽകാനും നിയമം അനുവദിക്കുന്നില്ല.