പ്രശസ്ത ഗായിക വാണി ജയറാം വിടവാങ്ങി; അന്ത്യം ചെന്നൈയിൽ
ചെന്നൈ : പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിൽ വസതിയിൽ ആയിരുന്നു അന്ത്യം. 19 ഭാഷകളിലായി പതിനായിരത്തിൽ അധികം പാട്ടുകൾ പാടിയ ഗായികയാണ്. അടുത്തയിടെയാണ് പത്മഭൂഷൺ ലഭിച്ചത്.
എസ്ബിഐയിൽ ഉദ്യോഗസ്ഥയായിരുന്നു വാണി ജയറാം. മഞ്ഞണിക്കൊമ്പിൽ എന്ന ഗാനത്തിലൂടെ മലയാളത്തിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ അവർ 1983 യിലെ ഓലഞ്ഞാലി കുരുവി എന്ന ഗാനത്തിലൂടെ യുവതലമുറയുടെയും പ്രിയങ്കരിയായി മാറിയിരുന്നു. റേഡിയോയിലൂടെ പാടിയായിരുന്നു വാണി ജയറാമിന്റെ തുടക്കം.
കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ.ബാലസുബ്രഹ്മണ്യൻ, ആർ.എസ്.മണി
എന്നിവർ ആയിരുന്നു കർണ്ണാടക സംഗീതത്തിൽ വാണിയുടെ ഗുരുക്കൾ. ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനിൽ നിന്ന് ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. 1971 ൽ വസന്ത് ദേശായി സംഗീതം നൽകിയ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലെ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവർ സംഗീതപ്രേമികൾക്കിടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിന് അഞ്ച് അവാർഡുകൾ നേടിയിരുന്നു.