കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവാമെന്ന് എംവിഡി
കണ്ണൂര്‍: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച സംഭവത്തിൽ സ്റ്റിയറിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആവാം കാരണമെന്ന് എംവിഡി. എക്സ്ട്രാഫിറ്റിങ്സിൽ നിന്നുളള ഷോർട്ട് സർക്യൂട്ട് ആണോ കാരണമെന്നറിയാൻ വിശദ പരിശോധന ആരംഭിച്ചതായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പ്രവീൺ കുമാർ അറിയിച്ചു. പ്രസവവേദനയെ തുടർന്നു യുവതിയെ വീട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാറിന് നടുറോഡിൽ വച്ച് തീപിടിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഗർഭിണിയും ഭർത്താവും മരണപ്പെട്ടു.
കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശികളായ റീഷ, പ്രജിത്ത് എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാലുപേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. കാറിന്‍റെ മുൻസീറ്റിലിരുന്നവരാണ് മരിച്ചത്. കാറിന്‍റെ ഡോർ ജാമായതോടെ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. ഡ്രൈവർ സീറ്റിലിരുന്ന പ്രജിത്താണ് പിൻവാതിൽ തുറന്ന് കൊടുത്തത്. ഇതുവഴിയാണ് പിൻസീറ്റിലിരുന്നവർ രക്ഷപ്പെട്ടത്
റീഷയുടെ മകൾ ശ്രീപാർവതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവരാണ് രക്ഷപ്പെട്ടത്. തീ പടർന്നതോടെ ഓടിയെത്തിയവർക്കും ഫയർഫോഴ്സിനും മുൻസീറ്റിലിരുന്നവരെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തീ അണച്ച ശേഷവും കാറിൽ നിന്ന് പുക ഉയർന്നതിനാൽ ഫയർ ഫോഴ്സ് വീണ്ടും വെള്ളം ഉപയോഗിക്കുകയായിരുന്നു. ശേഷമാണ് പുക നിയന്ത്രിക്കാൻ കഴിഞ്ഞത്.