പ്രധാന വാര്‍ത്തകള്‍
നാലുവർഷ ഡിഗ്രി കോഴ്സ്; യുജിസി വ്യവസ്ഥ അതേപടി കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: നാല് വർഷത്തെ ഡിഗ്രി നടപ്പാക്കുമ്പോൾ ഒന്നും രണ്ടും വർഷങ്ങളിൽ എക്സിറ്റ് നൽകാമെന്ന് യുജിസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല. കോളേജ് പാഠ്യപദ്ധതി പരിഷ്കരണത്തിനായി നിയോഗിച്ച കരിക്കുലം സമിതിയുടെ ആദ്യ യോഗത്തിൽ മൂന്നാം വർഷത്തോടെ എക്സിറ്റ് ഓപ്ഷനുകളും നാലാം വർഷത്തോടെ ഓണേഴ്സ് ഡിഗ്രിയും നൽകാമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.
പുതിയ പാഠ്യപദ്ധതിയിൽ അക്കാദമിക് അന്തരീക്ഷം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് കോളേജുകളുടെ സമയക്രമം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കോളേജുകളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ അക്കാദമിക് അന്തരീക്ഷം സൃഷ്ടിക്കുന്നത് സംബന്ധിച്ച് നേരത്തെ നടന്ന ചർച്ചകളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം.