സെക്രട്ടേറിയറ്റ് മാർച്ച്; 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം, ഫിറോസ് ജയിലിൽ തുടരും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിലായിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരത്തുക കെട്ടിവച്ച ശേഷമാണ് ജാമ്യം ലഭിച്ചത്. പ്രവർത്തകർ 14 ദിവസമായി ജയിലിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ നൽകിയിരുന്നില്ല.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്.
പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കൽ, അനുമതിയില്ലാതെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുക, പൊലീസുകാരെ കയ്യേറ്റം ചെയ്യുക, ഗതാഗതം തടസ്സപ്പെടുത്തുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫിറോസ് അടക്കമുള്ളവരുടെ അറസ്റ്റിനെതിരെ മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അനാവശ്യ സമരങ്ങൾ പോലും സൃഷ്ടിച്ചും അതിന്‍റെ സാധ്യതകൾ മുതലെടുത്തും അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ജനകീയ സമരങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത ആശ്ചര്യകരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.