പി എം കെയേഴ്സ് ഫണ്ടിന് സര്‍ക്കാരുമായി ബന്ധമില്ല; പി എം ഓഫിസ് ഹൈക്കോടതിയിൽ
ന്യൂഡൽഹി: പ്രധാനമന്ത്രി അദ്ധ്യക്ഷനായ പിഎം കെയേഴ്സ് ഫണ്ടിന് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. പാർലമെന്‍റോ നിയമനിർമ്മാണസഭകളോ പാസാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിലല്ല ഫണ്ട് പ്രവർത്തിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നേരിട്ടോ അല്ലാതെയോ ഒരു നിയന്ത്രണവും അതിലില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൊതുഖജനാവിൽ നിന്ന് ഒരു രൂപ പോലും ഫണ്ടിലേക്ക് നൽകുന്നില്ല. അതിനാൽ, പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഫണ്ടിലേക്കുള്ള സംഭാവനകൾ എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ഫണ്ടിലേക്കുള്ള സംഭാവനകളുടെയും ഫണ്ടിൽ നിന്ന് നൽകിയ സഹായത്തിന്‍റെയും വിശദാംശങ്ങൾ പിഎം കെയേഴ്സ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകളും സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കോടതിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയുടെ മാതൃകയിലാണ് പിഎം-കെയേഴ്സ് ഫണ്ട് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ദേശീയ ചിഹ്നവും ‘gov.in’ എന്ന സർക്കാർ ഡൊമെയ്നും ഉപയോഗിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.