സര്‍ക്കാര്‍ സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സെലിബ്രറ്റിയായാലോ
അടിമാലി: സര്‍ക്കാര്‍ സ്‌കൂള്‍ എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ സെലിബ്രറ്റിയായാലോ.അതാണ് മാമലകണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂള്‍. പ്രകൃതി ഭംഗികൊണ്ട് പ്രസിദ്ധമാണ് ഈ സ്‌കൂള്‍ അന്തരീഷം. സ്‌കൂളിന് നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. എല്ലായിടത്തും പച്ചപ്പുള്ള വിദൂരക്കാഴ്ചകള്‍. എത്രസമയം നോക്കിനിന്നാലും മടുക്കാത്ത പ്രകൃതിഭംഗി. ഒരു മണിക്കൂറെങ്കിലും മഴ പെയ്താല്‍ പാറയില്‍നിന്നും ചുറ്റിനും വലിയ നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നത് ആരേയും ആസ്വദിപ്പിക്കുന്ന കാഴ്ചയാണ്.
സിനിമകളിലെ നിറസാന്നിധ്യം
സിനിമാ സീരിയല്‍ ഷൂട്ടിങ്ങുകള്‍ കൊണ്ട് എപ്പോഴും തിരക്കോട് തിരക്കാണ് സ്‌കൂളില്‍. ഇരുപതോളം സീരിയലുകളിലും നിരവധി തമിഴ് തെലുങ്ക് സിനിമകളിലും ഈ സ്‌കൂള്‍ പശ്ചാത്തലമായിട്ടുണ്ട്. പുലിമുരുകന്‍ സിനിമയുടെ ഒരു രംഗം ഇവിടെ ചിത്രീകരിക്കുവാനുള്ള എല്ലാ പ്രവര്‍ത്തനവും നടത്തി. കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ അവസാനനിമിഷം അത് മാറ്റി. സ്‌കൂളിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ എപ്പോഴും സഞ്ചാരികളുടെ തിരക്കാണ്. അവധി ദിവസങ്ങളിലാണ് സഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്.
സെല്‍ഫി എടുക്കലും സ്‌കൂളിന്റെ വിശേഷങ്ങള്‍ ചോദിക്കലുമായി ഗേറ്റിന് മുന്‍പില്‍ എപ്പോഴും തിരക്കാണ്. സന്ദര്‍ശകളുടെ തിരക്കായതോടെ റോഡരികില്‍ സന്ദര്‍ശകര്‍ക്കായി ശീതളപാനീയങ്ങളും, ലഘുഭക്ഷണസാധനങ്ങളും വില്‍ക്കുന്നവരുടെ തിരക്കും കൂടി വന്നതോടെ ഈ സരസ്വതീനിലയം ശരിക്കൊരു ഹീറോ ആയി മാറിയിരിക്കുകയാണ്.