ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കുമെന്ന് വനംവകുപ്പ്
മൂന്നാര്‍: ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാന്‍ ശുപാര്‍ശ നല്‍കുമെന്ന് വനംവകുപ്പ്.വനംവകുപ്പ് വാച്ചര്‍ ശക്തിവേലിനെ കാട്ടാന കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.
ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്ബന്‍മാരെ പിടിച്ചു മാറ്റുകയോ ഉള്‍ക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎല്‍എ എ രാജ അടക്കമുള്ള ജന പ്രതിനിധികളും സമരത്തില്‍ അണി ചേര്‍ന്നു. പ്രദേശത്ത് ആറു കാട്ടാനകളാണ് ജനങ്ങള്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഇതില്‍ അരിക്കൊമ്ബന്‍, ചക്കക്കൊമ്ബന്‍ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും മാറ്റണമെന്ന് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
സമരം നീണ്ടതോടെ വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ കണ്‍സര്‍വേറ്ററെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. അതേസമയം ബന്ധുക്കളും പൊലീസും എത്തുന്നതിനു മുമ്ബ് മൃതദേഹം മാറ്റാന്‍ തിടുക്കം കാണിച്ച വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും എം എം മണി എംഎല്‍എ ആവശ്യപ്പെട്ടു. ആനശല്യം കൂടുതലുള്ള പന്നിയാര്‍, ശങ്കരപാണ്ഡ്യമെട്ട് എന്നീ മേഖലകളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടി തുടങ്ങാന്‍ ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍ എസ് അരുണ്‍ നിര്‍ദ്ദേശിച്ചു. പട്രോളിംഗിനൊപ്പം ആന നില്‍ക്കുന്ന സ്ഥലത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിവരം നല്‍കുന്ന സംവിധാനം കൂടുതല്‍ വിപുലമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.
അതേസമയം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ശക്തിവേലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. കഴിഞ്ഞ ദിവസമാണ് ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടത്. അയ്യപ്പന്‍കുടി സ്വദേശി ശക്‌തിവേല്‍ ആണ് ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റില്‍ കൊല്ലപ്പെട്ടത്. പന്നിയാര്‍ എസ്റ്റേറ്റില്‍ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാന്‍ എത്തിയതായിരുന്നു ശക്‌തിവേല്‍. കാട്ടാനക്കൂട്ടം ഇറങ്ങുമ്ബോഴൊക്കെ ജനങ്ങള്‍ക്ക് രക്ഷകനായി എത്തിയിരുന്ന ആളായിരുന്നു ശക്തിവേല്‍.