ഉക്രൈനിൽ റഷ്യയിൽ നിന്ന് ഡ്രോൺ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും; ആളപായമോ നാശനഷ്ടമോ ഇല്ല
കീവ്: റഷ്യയിൽ നിന്ന് ഡ്രോൺ സ്ഫോടനങ്ങളും മിസൈൽ ആക്രമണങ്ങളും ഉണ്ടായെന്ന് ഉക്രൈൻ. രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ ഉയർന്നതായും റിപ്പോർട്ടുകൾ. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിരവധി യുദ്ധ ടാങ്കുകൾ ഉക്രൈനിലേക്ക് അയക്കുമെന്ന് അമേരിക്കയും ജർമ്മനിയും പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് റഷ്യയുടെ ഈ ആക്രമണം. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം 12-ാം മാസത്തിലേക്ക് കടക്കുകയാണ്. 30 മിസൈലുകൾ എങ്കിലും റഷ്യ ഉക്രൈനിൽ വിക്ഷേപിച്ചു. റഷ്യയിലെ മർമാൻസ്ക് ഒബ്ലാസ്റ്റിൽ നിന്നുള്ള ആറ് ടിയു -95 വിമാനങ്ങളാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നും ഉക്രൈൻ വ്യോമസേന വക്താവ് യൂറി ഇഹ്നത്ത് പറഞ്ഞു. റഷ്യ അയച്ച 24 ഡ്രോണുകളും തങ്ങളുടെ പ്രതിരോധസേന വെടിവച്ചിട്ടതായും സൈന്യം റിപ്പോർട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈന്യം അറിയിച്ചു.
പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ മുതൽ റഷ്യ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സജീവമായി നടത്തുന്നുണ്ട്. അതേസമയം, യുദ്ധത്തിൽ റഷ്യയ്ക്കെതിരെ പോരാടാൻ പാശ്ചാത്യ നാലാം തലമുറ യുദ്ധവിമാനങ്ങൾക്കായി ഉക്രെയ്ൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധ ടാങ്കറുകളുടെ വിന്യാസം പൂർത്തിയാക്കിയ ശേഷം യു എസ് എഫ് -16 പോലുള്ള പാശ്ചാത്യ നാലാം തലമുറ യുദ്ധവിമാനങ്ങൾ സജ്ജീകരിക്കാൻ ഉക്രൈൻ മുന്നോട്ട് പോകുമെന്ന് പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.