ഷാരോൺ രാജ് വധക്കേസ്; ഗ്രീഷ്മയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കെതിരെ കൊലപാതകത്തിനൊപ്പം തട്ടിക്കൊണ്ടുപോകലും ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു. കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്താൻ ഗ്രീഷ്മ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. തെളിവ് നശിപ്പിച്ചതിനു ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
ഷാരോൺ മരിച്ച് 93-ാം ദിവസവും ഗ്രീഷ്മ ജയിൽവാസം തുടങ്ങി 85-ാം ദിവസവുമാണ് കുറ്റപത്രം സമർപ്പിച്ചത്. ഇത്രയും ദിവസം നീണ്ട അന്വേഷണത്തിൽ കഴിയുന്നത്ര തെളിവുകൾ ശേഖരിച്ചുവെന്ന വിശ്വാസത്തിലാണ് പോലീസ് നെയ്യാറ്റിൻകര സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഉയർന്ന സാമ്പത്തിക നിലവാരമുള്ള ഒരു സൈനികന്‍റെ വിവാഹാലോചന വന്നതോടെ ഷാരോണുമായുള്ള പ്രണയം അവസാനിപ്പിക്കാൻ ഗ്രീഷ്മ ആഗ്രഹിച്ചു. ഷാരോൺ പിൻമാറിയില്ല. ഇതോടെയാണ് കൊലപാതകം നടത്താൻ തീരുമാനിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആസൂത്രിതമായ കൊലപാതകത്തിന്‍റെ തെളിവായി കഷായത്തിൽ കളനാശിനി കലർത്തുന്നതിനു മുമ്പ് ജ്യൂസിൽ ഡോലോ ചേർത്തതിന്‍റെ തെളിവുകളും, കഷായത്തിൽ വിഷം കലർത്തുന്നതിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചിൻ്റെ തെളുവുകളും സമർപ്പിച്ചു. കൊലപാതകം നടന്ന ദിവസം ഷാരോണിനെ ഗ്രീഷ്മയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായം നൽകിയതിനു തെളിവായി വാട്സാപ്പ് ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്.