നിക്ഷേപ, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ മണി ചെയിന്‍ മാതൃകയിലുള്ള പുതിയ തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്
തൃശൂര്‍: നിക്ഷേപ, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ മണി ചെയിന്‍ മാതൃകയിലുള്ള പുതിയ തട്ടിപ്പുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്.സേഫ് ആന്‍ഡ് സ്‌ട്രോംഗ് തട്ടിപ്പിനു പിന്നാലെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പിന് ഗ്രാമങ്ങളിലും കളമൊരുങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
പുതിയ ആളുകളെ പദ്ധതിയില്‍ ചേര്‍ക്കുമ്ബോള്‍ വന്‍ തുക കമ്മിഷന്‍ കിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ രംഗത്തെത്തിയിട്ടുള്ളത്. ആദ്യം രണ്ടു പേരെ (ജോഡി) ചേര്‍ക്കുന്നതു മുതല്‍ കമ്മിഷന്‍ ലഭിക്കും. അവര്‍ അടുത്ത രണ്ടു പേരെ ചേര്‍ക്കുമ്ബോള്‍ അവര്‍ക്ക് ലഭിക്കുന്ന കമ്മിഷന് പുറമെ ആദ്യം ചേര്‍ത്തയാള്‍ക്കും വിഹിതം കിട്ടും. ഇങ്ങനെ ധാരാളം പേരെ ചങ്ങലയില്‍ കോര്‍ക്കുമ്ബോഴെല്ലാം ആദ്യം ചേര്‍ത്തയാള്‍ക്ക് വരുമാനം ലഭിക്കുമെന്നാണ് പ്രലോഭിപ്പിക്കുന്നത്.
മുമ്ബ് തട്ടിപ്പ് നടത്തി മുങ്ങിയ പലരുമാണ് പുതിയ മണി ചെയിന്‍ തട്ടിപ്പിനും പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു. വീട്ടമ്മമാരെ ലക്ഷ്യം വച്ചും അവര്‍ കരുക്കള്‍ നീക്കുന്നുണ്ട്. മോഹന വാഗ്ദാനങ്ങളുമായി എത്തുന്നവരെ കരുതിയിരിക്കാന്‍ തൃശൂര്‍ സിറ്റി പൊലീസ് സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിവരുന്നു.
90കളില്‍ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനെപ്പറ്റി പൊലീസ് ഓര്‍മ്മിപ്പിക്കുന്നു. പത്തും ഇരുപതും കൊല്ലം കഴിയുമ്ബോള്‍ വന്‍തുക കിട്ടുമെന്ന വാഗ്ദാനത്തില്‍ കുരുങ്ങി നിരവധി പേര്‍ക്ക് അന്ന് പണം നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തങ്ങള്‍ സമാഹരിച്ച തുക നിക്ഷേപിച്ചതെന്ന് വിശ്വസിപ്പിച്ചായിരുന്നു ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ്. ഞങ്ങളുടെ മാവും പൂക്കുമെന്ന പരസ്യവാചകവുമായി വന്‍ തുക ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് മുമ്ബ് തട്ടിപ്പ് നടത്തി മുങ്ങിയവര്‍ തന്നെ വീണ്ടും രംഗത്തെത്തിയിരുന്നു.
രക്ഷപ്പെടാന്‍ പഴുതേറെ
കേസ് രജിസ്റ്റര്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതേറെയാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പില്‍ പെടുന്നവരില്‍ പരാതിപ്പെടാത്തവരുമുണ്ട്. ഇത്തരം പദ്ധതികളില്‍ കള്ളപ്പണം നിക്ഷേപിക്കുന്നവരുണ്ടെന്നും പൊലീസ് പറയുന്നു. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്ന ഭയത്തില്‍ അവരും പരാതിപ്പെടാറില്ല.