വാത്തിക്കുടി പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ തോപ്രാംകുടിക്കാരുടെ പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ തോപ്രാംകുടിക്കാരുടെ പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. ഇടുക്കിയിലെ പട്ടയം ഉള്‍പ്പെടെ എല്ലാ ഭൂപ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനങ്ങളെ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന വാത്തിക്കുടി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ ഉന്നതതല യോഗതീരുമാനം ഇരുട്ടടിയായിരിക്കയാണ്.
ലാന്‍ഡ് രജിസ്റ്ററില്‍ ചട്ടം രണ്ട് എഫ് പ്രകാരമുള്ള നിബന്ധന പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാനാണ് ഉന്നതതല യോഗ തീരുമാനം. മുരിക്കാശ്ശേരി ഭൂപതിവ് ഓഫിസില്‍ 29 വര്‍ഷമായി മാറി മാറിവരുന്ന തഹസില്‍ദാര്‍മാര്‍ പറയുന്നത് ഇവിടെ ഇനി പട്ടയം ലഭിക്കാനുള്ളവരുടെ കൈവശഭൂമി ചട്ടം രണ്ട് എഫ് നിബന്ധന പാലിക്കാത്തതാണെന്നാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ഭൂമിക്ക് പട്ടയം കൊടുക്കാന്‍ പറ്റില്ലെന്നും.
എന്നാല്‍, ചട്ടം 1993 രണ്ട് എഫ് നിലവില്‍ വരുന്നതിനു മുമ്ബ് ഈ പഞ്ചായത്തിലെ കൈവശഭൂമികള്‍ക്ക് പട്ടയംകൊടുത്ത് കൊണ്ടിരുന്നത് 1964ലെ ചട്ടപ്രകാരമായിരുന്നു. ഒരു കാലത്ത് ഒന്നിച്ചു കുടിയേറി ഒന്നിച്ചു കൃഷിയിറക്കിയ ഒട്ടേറെപ്പേര്‍ക്ക് ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്കുപോലും 80 കാലങ്ങളില്‍ 1964 ചട്ടപ്രകാരം ഇവിടെ പട്ടയം ലഭിച്ചിരുന്നു. അന്ന് പട്ടയം നേടാന്‍ ശേഷിയില്ലാതെ പോയവര്‍ക്കാണ് ഇപ്പോഴും ഇത് കിട്ടാക്കനിയായിട്ടുള്ളത്. ചുറ്റുപാടുമുള്ള മറ്റ് കര്‍ഷകര്‍ക്ക് പട്ടയമുണ്ടുതാനും.
1975 കാലത്ത് സര്‍ക്കാര്‍ നേരിട്ട് കൂപ്പുവെട്ടി മരങ്ങള്‍ മുഴുവന്‍ നീക്കം ചെയ്ത തരിശുഭൂമിക്കാണ് പട്ടയം നിഷേധിച്ചിരിക്കുന്നത്. കര്‍ഷകര്‍ 1975ല്‍ വിള പരിവര്‍ത്തനം നടത്തി കുരുമുളക്, കാപ്പി, ജാതി തുടങ്ങിയവ കൃഷി ചെയ്ത് വരുന്ന ഭൂമി കൂടിയാണിത്. മറ്റുള്ളവരെപ്പോലെ 1964 ചട്ടപ്രകാരം പട്ടയം കിട്ടാന്‍ തങ്ങള്‍ക്കും അവകാശമുണ്ട് എന്നാണ് വാത്തിക്കുടിയിലെ കര്‍ഷകരുടെ വാദം. പല മുന്നണികള്‍ മാറിമാറി അധികാരത്തില്‍ വന്നിട്ടും തങ്ങള്‍ക്ക് മാത്രം പട്ടയം കിട്ടാത്തതില്‍ നിരാശരായ വാത്തിക്കുടി പഞ്ചായത്തിലെ കര്‍ഷകര്‍ കടുത്ത തീരുമാനത്തിലാണ്. ആരും വോട്ടുതേടി ഇങ്ങോട്ട് വരേണ്ടെന്നാണ് പട്ടയ അവകാശ സംരക്ഷണ സമിതിയുടെ മുന്നറിയിപ്പ്.