നാണ്യവിള ജലസേചന പദ്ധതി നടപ്പാക്കാൻ കാമാക്ഷി പഞ്ചായത്തിന് 3.23 കോടി അനുവദിച്ചു – മന്ത്രി റോഷി അഗസ്റ്റിൻ;കാൽവരി മൗണ്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
കാർഷിക മേഖലയുടെ പുരോഗതിക്ക് നാണ്യ വിളകൾക്കുകൂടി സമയാസമയങ്ങളിൽ ജലസേചന സൗകര്യം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ കെ എം മാണി ഊർജിത കാർഷിക ജലസേചന പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് കാമാക്ഷി ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ കാൽവരി മൗണ്ടിൽ നടക്കുന്ന ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിയുടെ ഭാഗമായി കാമാക്ഷി ഗ്രാമപഞ്ചായത്തിനു 3.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.
നെൽകൃഷി ചെയ്യുന്ന വയലുകളിൽ മാത്രം കനാലുകളിലൂടെ ജലം എത്തിച്ചു നൽകിയിരുന്ന രീതിയിൽ നിന്നുമാറി നാണ്യവിളകൾക്കുകൂടി ജലം എത്തിച്ച് വിളവ് വർധിപ്പിക്കുന്നതിന് ആദ്യ ബജറ്റിൽ തന്നെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. സാമൂഹ്യ ജലസേചന പദ്ധതിയ്ക്ക് തുടക്കം കുറിച്ച കെ എം മാണിയുടെ നാമധേയത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. ഇതിന്റെ പൈലറ്റ് പ്രോജക്ടാണ് കാമാക്ഷി പഞ്ചായത്തിൽ നടപ്പാക്കുന്നത് – മന്ത്രി പറഞ്ഞു.
50 വർഷക്കാലത്തെ ജില്ലയുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്നത്. കുടിയേറ്റ കാലം മുതൽ വളരെയധികം പ്രാരാബ്ധങ്ങൾ
അനുഭവിച്ച ജനതയാണ് ഹൈറേഞ്ച് പ്രദേശത്തുള്ളവർ. ഇത്രയും കാലത്തിനിടക്ക് മറ്റ് ജില്ലകളുടെ വളർച്ചക്ക് അനുസൃതമായി തന്നെ വലിയ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലാ ഭരണ കൂടത്തിനും സംസ്ഥാന സർക്കാരിനും സാധിച്ചിട്ടുണ്ട്. അസൗകര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് തന്നെ ആരോഗ്യ വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളിൽ
വലിയ മാറ്റങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ഇക്കാലത്തിനിടയിൽ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുണ്ടായിട്ടും കാര്യമായ മുന്നേറ്റം സാധ്യമായിട്ടില്ല. അത് പരിഹരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. ടൂറിസം മന്ത്രി തന്നെ ജില്ലയിൽ ഇതിന് നേരിട്ട് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. കാൽവരി മൗണ്ട് ഫെസ്റ്റ് ടൂറിസം മേഖലക്ക് വലിയ ഉണർവേകുമെന്നും മന്ത്രി പറഞ്ഞു.
കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോൾ വിനേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
വൈകിട്ട് 3 മണിക്ക് ഫെസ്റ്റിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്ര കാൽവരി ടൗണിൽ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയിൽ അവസാനിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ പാരമ്പര്യ വേഷമണിഞ്ഞ ആദിവാസി കലാകാരന്മാരെ അണിനിരത്തി സംഘടിപ്പിച്ച സംഘനൃത്തം ചടങ്ങിന് കൂടുതൽ മിഴിവേകി.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചൻ കാരയ്ക്കാട്ട്, കാമാക്ഷി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ഫെസ്റ്റ് കമ്മിറ്റി കൺവീനർ റോമിയോ സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം റിന്റ ജോസഫ്, എൻ സി പി സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, കാൽവരിമൗണ്ട് സെന്റ് ജോർജ്ജ് പള്ളി വികാരി ജോർജ്ജ് മാരിപ്പാട്ട്, കാമാക്ഷി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ
സോണി ചൊള്ളാമഠം, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കളായ
ഷാജി നെല്ലിപ്പറമ്പിൽ, എം ജെ ജോൺ, ചിഞ്ചു ബിനോയ്, റെനി റോയി, ഷേർളി ജോസഫ്, ചെറിയാൻ കട്ടക്കയം, റീന സണ്ണി, പ്രഹ്ളാദൻ എൻ. എൻ, ജോസ് തൈചേരി, ജിന്റു ബിനോയി, സെബിൻ വർക്കി, അജയൻ എൻ.ആർ, ഷേർലി തോമസ്, ലിസി മാത്യു, ജോസഫ് കുര്യൻ, ആർ. മണികുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് രാജേഷ് ചേർത്തലയും വെളിയം രാജേഷും ഒന്നിച്ച ഫ്യൂഷൻ ഡാൻസ് ഷോയും മേള നഗരിയെ ആഘോഷത്തിലാഴ്ത്തി.
ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളൊരുക്കിയ ഫുഡ്കോർട്ട്, ചെറുകിട വ്യവസായ സംരഭക വിപണന സ്റ്റാളുകൾ, സർക്കാരിൻ്റെ വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ തുടങ്ങിയ അറുപതോളം സ്റ്റാളുകളാണ് മേള നഗരിയിൽ കാണികൾക്കായി ഒരുക്കിയിട്ടുള്ളത്. പ്രദർശനം കാണുന്നതിനൊപ്പം വിവിധ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുമുള്ള സൗകര്യവുമുണ്ട്.