മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
കോഴിക്കോട്: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ ഫേസ്ബുക്കിൽ വിമർശിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് ഫറോക്ക് സ്റ്റേഷനിലെ സിപിഒ ആയിരുന്ന സിവിൽ പൊലീസ് ഓഫീസർ ഉമേഷിനെയാണ് സ്ഥലം മാറ്റിയത്. ഉമേഷിനെ കോഴിക്കോട് നിന്ന് പത്തനംതിട്ടയിലേക്കാണ് സ്ഥലം മാറ്റിയത്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെ വിമർശിച്ച് ഉമേഷ് വള്ളിക്കുന്ന് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് മുഖ്യമന്ത്രിയെ അടക്കം വിമർശിച്ചത്. ‘നായ്കാട്ടം കഴുകിയാൽ നന്നാവില്ല എന്നൊരു ചൊല്ലുണ്ട്, കഴുകുംതോറും ആ പ്രദേശം നാറുമെന്നല്ലാതെ ഒരു പ്രയോജനവുമില്ല’ എന്ന് തുടങ്ങുന്ന കുറിപ്പിന്‍റെ അവസാന ഭാഗത്തിൽ, ‘ചുമ്മാ ഒരു കൈക്കോട്ടെടുത്ത് കോരി മണ്ണിനടിയിൽ താഴ്ത്തേണ്ട വേസ്റ്റാണ് ഈ കഴുകി നാറ്റിച്ചോണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയാൻ സിംഗിൾ ചങ്കെങ്കിലും ഉള്ള ഒരുത്തനും ഇല്ലേടേയ്.’ എന്നാണ് ഉമേഷ് വിമർശിച്ചത്.