രണ്ടാം ദൗത്യം വിജയം; പി ടി സെവനെ ലോറിയിൽ കയറ്റി
പാലക്കാട്: മയക്കുവെടി വെച്ച് മയക്കിയ പി ടി സെവനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം ലോറിയിലേക്ക് കയറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. ശേഷം പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും. രാവിലെ 7.10നും 7.15നും ഇടയിൽ മയക്കുവെടി വച്ച ശേഷം രണ്ടാം ദൗത്യമായാണ് ആനയുടെ അടുത്ത് സംഘം എത്തിയതും ലോറിയിൽ കയറ്റിയതും. കൊമ്പനെ കൂട്ടിൽ എത്തിക്കുകയാണ് മൂന്നാം ദൗത്യം. അതുകൂടി പൂർത്തിയാക്കേണ്ടതുണ്ട്.
കാട്ടാനകളെ പിടികൂടാൻ ബുദ്ധിമുട്ടുള്ള ഭാഗം മയക്കുവെടി വയ്ക്കുന്നത് ആണെന്നും ആ ഭാഗം വിജയകരമായി പൂർത്തിയാക്കിയ വനംവകുപ്പിനെ അഭിനന്ദിക്കുന്നുവെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
അരുണ് സക്കറിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പാലക്കാട് ടസ്കർ 7 എന്ന പിടി സെവനെ പിടികൂടിയത്. ഞായറാഴ്ച അതിരാവിലെ ആരംഭിച്ച ദൗത്യമാണ് വിജയം കണ്ടത്.