കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയുടെ കോഴിക്കോട് സര്‍വിസ് റൂട്ട് മാറ്റിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്
പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയുടെ കോഴിക്കോട് സര്‍വിസ് റൂട്ട് മാറ്റിയതോടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിലേക്ക്.രാവിലെ 8.15ന് പൊന്‍കുന്നത്തുനിന്ന് പുറപ്പെടുന്ന ബസ് നേരത്തേ തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, കുറ്റിപ്പുറം വഴിയായിരുന്നു കോഴിക്കോട് എത്തിയിരുന്നത്. ഇത് തൃശൂര്‍, വാടാനപ്പള്ളി, തൃപ്രയാര്‍, ചമ്രവട്ടം വഴി തിരിച്ചുവിടുകയായിരുന്നു. ഇതോടെ ദിവസേന 6000 രൂപ മുതല്‍ 15,000 രൂപ വരെ കലക്ഷനില്‍ കുറവുണ്ടായതായാണ് ആക്ഷേപം.
35,000 രൂപ വരെ ദിവസം കലക്ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇതിന്‍റെ പകുതി മാത്രമാണ് കിട്ടുന്നത്. ഈ ബസില്‍ പൊന്‍കുന്നത്തുനിന്ന് കോഴിക്കോട്ടേക്ക് 15ഓളം സ്ഥിരം യാത്രക്കാര്‍ ഉണ്ടായിരുന്നു. കോഴിക്കോടുനിന്ന് ബസ് തിരികെ പൊന്‍കുന്നത്തിന് പുറപ്പെടുന്നത് രാത്രി 7.30ന് പഴയ റൂട്ടിലൂടെയാണ്. ഈ സമയത്ത് ധാരാളം യാത്രക്കാരെ ലഭിക്കുന്നുമുണ്ട്. ഡിപ്പോ യൂനിറ്റ് ഓഫിസറാണ് റൂട്ട് ക്രമീകരിക്കുന്നത്. സ്വകാര്യ ബസുകളെ സഹായിക്കുന്ന തരത്തിലാണ് പുതിയ റൂട്ട് മാറ്റമെന്നും പരക്കെ ആക്ഷേപമുയരുന്നു.