സി.ഡി.എം മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായി
മറയൂര്‍: സി.ഡി.എം മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായി. തേനി കൂടല്ലൂര്‍ സ്വദേശി പ്രഭു (43) കുമരലിംഗം സ്വദേശി ഹക്കീം (40) എന്നിവരാണ് പിടിയിലായത്. നവംബർ 11നാണ് മറയൂര്‍ എസ്.ബി.ഐ ശാഖയില്‍ സി.ഡി.എം മെഷീനില്‍ 500രൂപയുടെ 79 കള്ളനോട്ടുകള്‍ നിക്ഷേപിച്ചത്.
തുടര്‍ന്ന് ബാങ്ക് അധികൃതര്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കി. സി.സി ടി.വി ദൃശ്യങ്ങളും അക്കൗണ്ട് നമ്ബറും പരിശോധിച്ച് മറയൂരിന് സമീപം വാഗവര പജാര്‍ ഡിവിഷനില്‍ കനിരാജിനെ (43) അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് കള്ളനോട്ട് എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍മാണകേന്ദ്രം കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദിണ്ഡുഗല്‍ നത്തം സ്വദേശികളായ രാംകുമാര്‍ അഴകന്‍, പുതുക്കോട്ട ഓണംകൂടി പഴനികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഉറവിടം കണ്ടെത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെയാണ് പ്രിന്ററില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടുക്കി സ്പെഷല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ടി.ഡി. മുകേഷ്, മറയൂര്‍ എസ്.എച്ച്.ഒ ടി.സി. മുരുകന്‍, എസ്.ഐ പി.ജി. അശോക്കുമാര്‍, എ.എസ്.ഐ ബോബി എം. തോമസ്, സി.പി.ഒമാരായ എം.എസ്. സന്തോഷ്, സജുസണ്‍, അനുകുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.