സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മാണത്തിന് കണ്ണൂരിൽ കണ്ടെത്തിയ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ കണ്ണൂരിലെ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റെയിൽവേ ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പാട്ടത്തിന് നൽകുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ കിഴക്കേ കവാടത്തിനടുത്തുള്ള റെയിൽവേ ഭൂമിയും പൊലീസിന്‍റെ ഭൂമിയുമാണ് കെ-റെയിൽ എത്തുമ്പോൾ കണ്ണൂരിൽ സ്റ്റേഷൻ നിർമ്മാണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നത്. കെ റെയിൽ ഡിപിആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂമിയിൽ നിന്ന് പാട്ടത്തിന് നൽകാൻ റെയിൽവേ ലാൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി കണ്ടെത്തിയ സ്ഥലങ്ങളുടെ പട്ടികയിലും ഇതേ ഭൂമി ഉൾപ്പെട്ടിട്ടുണ്ട്.
26.3 കോടി രൂപയ്ക്കാണ് 45 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുക. ഈ ഭൂമി പാട്ടത്തിന് നൽകിയാൽ കെ റെയിൽ സ്റ്റേഷൻ പദ്ധതി നിലവിലുള്ള റെയിൽവേ സ്റ്റേഷൻ പരിസരത്ത് തന്നെ എന്ന പദ്ധതി ഉപേക്ഷിക്കേണ്ടിവരും. കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്ഫോം സ്ഥിതി ചെയ്യുന്ന പടിഞ്ഞാറ് ഭാഗത്തെ 4.93 ഏക്കർ ഭൂമി ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പെടെയുള്ള വാണിജ്യ ആവശ്യങ്ങൾക്കും കിഴക്കേ ഭാഗത്തെ 2.26 ഏക്കർ റെയിൽവേ കോളനി നിർമ്മാണത്തിനും പാട്ടത്തിന് നൽകിയിരുന്നു.