ഇരട്ടയാർ നോർത്ത് റോഡ് നന്നാക്കാൻ ആരുമില്ലേ;നാട്ടുകാർ ചോദിക്കുന്നു.
കട്ടപ്പന: ഇരട്ടയാർ – ഇരട്ടയാർ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായി. അധികാരികളോട് ചോദിച്ചാൽ 2016ൽ പ്രഖ്യാപിച്ച ‘കിഫ്ബി’ ശരിയാക്കും എന്നാണ് മറുപടി.തോപ്രാംകുടി, മേലേ ചിന്നാർ, എഴുകുംവയൽ, ഈട്ടിത്തോപ്പ്, ചെമ്പകപ്പാറ നിവാസികൾക്ക് കട്ടപ്പനയുമായി ബന്ധപ്പെടാനുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴിയാണ് ഇരട്ടയാർ -ഇരട്ടയാർ നോർത്ത് റോഡ്. രണ്ട് വർഷം മുൻപ് ഇരട്ടയാർ പഞ്ചായത്ത് അറ്റകുറ്റപണി നടത്തിയ ഈ റോഡിലേക്ക് പിന്നീട് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല. ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. ഇരട്ടയാർ നോർത്തിൽ നിന്നും 1.5 കിലോമീറ്റർ ദൂരം കൊണ്ട് ഈ വഴിയിലൂടെ ഇരട്ടയാറ്റിൽ എത്തിച്ചേരാം. മറ്റ് വഴി യായ ശാന്തിഗ്രാം വഴിയിലൂടെ സഞ്ചരിച്ചാൽ 4 കിലോമീറ്റർ അധികം യാത്ര ചെയ്യണം.ഇരട്ടയാർ, കട്ടപ്പന, ശാന്തിഗ്രാം, നെടുങ്കണ്ടം പ്രദേശങ്ങളിലെ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ അൻപതിലധികം ബസുകൾ ഈ വഴിയിലൂടെ ദിവസേന കടന്നുപോകുന്നതാണ്. ഈ റോഡ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ നിയന്ത്രണത്തിലാണ് ഇപ്പോഴും നിൽക്കുന്നത്.1987 ൽ ഇരട്ടയാർ ഡാം കമ്മീഷൻ ചെയ്തപ്പോൾ ഇരട്ടയാർ ചപ്പാത്ത് – നോർത്ത് റോഡ് പൂർണ്ണമായും വെള്ളത്തിൽ മൂടിപ്പോയിരുന്നു. ഈ സാഹചര്യത്തിൽ നാട്ടുകാരുടേ ശ്രമഫലമായി നിർമ്മിച്ച റോഡാണിത്.നാല് പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടക്കുന്ന ഈ റോഡിന് എന്ന് ശാപമോക്ഷം ലഭിക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.2016 ൽ പ്രഖ്യാപിച്ച നത്തു കല്ല് – കമ്പിളികണ്ടം റോഡ് ഈ വഴിയാണ് കടന്നു പോകുന്നതെന്നും, അതിനാൽ ഇത് ഇതിൻ്റെ ഭാഗമായി ഉടൻ പണിയുമെന്നു മാണ് അധികാരികളുടെ ഭാഷ്യം.കാൽനടയാത്ര പോലും വിഷമമായ ഈ റോഡിൽ കുറച്ച് പണം പഞ്ചായത്ത് അനുവദിച്ച് അടിയന്തിരമായി മെയ്റ്റനൻസ് നടത്തിയാൽ യാത്രാ പ്രശ്നത്തിന് താത്കാലിക പരിഹാരമാവും.