അശ്വമേധം- അഞ്ചാം ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി
കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ നല്‍കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. ജനുവരി 18 മുതല്‍ 31 വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (19) ഇടുക്കി മെഡിക്കല്‍ കോളജ് അക്കാഡമിക് ബ്ലോക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഉഷാകുമാരി മോഹന്‍കുമാര്‍ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് മെമ്പര്‍ കെ.ജി. സത്യന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.മനോജ് മുഖ്യസന്ദേശം നല്‍കും. ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, മെഡിക്കല്‍ കോളജ് ജീവനക്കാര്‍ ആശ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സമൂഹത്തില്‍ തിരിച്ചറിയപ്പെടാതെ ശേഷിക്കുന്ന എല്ലാ കുഷ്ഠരോഗ ബാധിതരെയും കണ്ടുപിടിച്ച് ചികിത്സക്ക് വിധേയമാക്കുന്നതിലൂടെ കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജില്ലയിലെ 2 വയസ്സിനുമുകളില്‍ പ്രായമുള്ള 1158396 പേരെ കുഷ്ഠരോഗ പരിശോധനക്ക് വിധേയമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു പുരുഷനും ഒരു വനിതയും അടക്കമുള്ള 1160 വോളണ്ടിയര്‍ ടീമുകളും ഇവരുടെ മേല്‍നോട്ടത്തിനായി 234 സൂപ്പര്‍വൈസര്‍മാരെയും നിയമിച്ചിട്ടുണ്ട്.