പി.ജെ. ജോസഫിന്റെ പത്നി ഡോ. ശാന്തയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ് അനുശോചിച്ചു.
തൊടുപുഴ: പി.ജെ. ജോസഫിന്റെ പത്നി ഡോ. ശാന്തയുടെ വിയോഗത്തില്‍ കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.തോമസ് അനുശോചിച്ചു.തൊടുപുഴയില്‍ ഡോക്‌ടറായി ഡോ. ശാന്ത പ്രാക്‌ടീസ് ചെയ്‌തുകൊണ്ടിരിക്കുന്ന കാലത്തുതന്നെ അവിടെ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന തനിക്ക് അവരെ നേരിട്ടു പരിചയപ്പെടാന്‍ അവസരമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. നല്ല ഡോക്‌ടര്‍ എന്ന സല്‍പ്പേര് സമ്ബാദിക്കാനും ധാരാളമാളുകളെ രക്ഷിക്കാനും ഡോ. ശാന്തയുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ വഴി സാധിച്ചു. ഡോക്‌ടര്‍ എന്ന നിലയില്‍ അവരുടെ സേവനം തനിക്കും കുടുംബത്തിനും പ്രയോജനപ്പെട്ടിട്ടുണ്ട്. തന്റെ മകന്റെ ജനനവുമായി ബന്ധപ്പെട്ട് അവരുടെ വലിയ സഹായം ലഭിച്ചിരുന്നു. പി.ജെ. ജോസഫിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളില്‍ ശക്‌തമായ പിന്തുണയും വലിയ ആത്മീയ ബലവുമാണു ഡോ. ശാന്ത നല്‍കിയത്. കുടുംബത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും മക്കളെ വളര്‍ത്താനുമെല്ലാം ഏറെ തിരക്കുള്ള ആരോഗ്യവിദഗ്‌ധ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനിടയിലും അവര്‍ക്കു കഴിഞ്ഞിരുന്നു. അവരുടെ വിയോഗം ഒരു തീരാനഷ്‌ടമാണെന്ന് പി.സി. തോമസ് പറഞ്ഞു.