പത്താൻ ഒടിടി റിലീസ്; നിർമ്മാതാക്കൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഡൽഹി ഹൈക്കോടതി
ന്യൂ ഡൽഹി: റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷമുള്ള ഷാരൂഖിന്‍റെ ആക്ഷൻ ചിത്രമെന്ന പ്രത്യേകതയും പത്താനുണ്ട്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എന്നാൽ റിലീസിനോടടുക്കുമ്പോൾ പത്താന്‍റെ നിർമ്മാതാക്കൾക്ക് ഡൽഹി ഹൈക്കോടതി പുതിയ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ്. ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ കാഴ്ചയില്ലാത്തവർക്കും കേൾവിശക്തിയില്ലാത്തവർക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ഹിന്ദി പതിപ്പിൽ ഓഡിയോ വിവരണം, സബ്ടൈറ്റിലുകൾ, ക്ലോസ് ക്യാപ്ഷനുകൾ എന്നിവ തയ്യാറാക്കാനാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് നൽകിയ നിർദ്ദേശം.
വികലാംഗരുടെ അവകാശ നിയമം 2016 പ്രകാരം കാഴ്ചയില്ലാത്തവർക്കും ശ്രവണ വൈകല്യമുള്ളവർക്കും പത്താൻ സിനിമ കാണാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദ്ദേശം.