ബാലറ്റ് പെട്ടി വിഷയം; വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സബ് കളക്ടർ
പെരിന്തൽമണ്ണ: സഹകരണ രജിസ്ട്രാർ ഓഫീസിൽ ബാലറ്റ് പെട്ടി എത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറായ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ് പെട്ടി എങ്ങനെ ഇവിടെയെത്തി എന്ന് വ്യക്തമല്ല. ബാലറ്റ് സൂക്ഷിച്ചിരുന്ന പെട്ടിയുടെ സീൽ ചെയ്ത കവർ നശിപ്പിച്ചിട്ടില്ല. എല്ലാ തപാൽ വോട്ടുകളും സുരക്ഷിതമാണെന്ന് സബ് കളക്ടർ അറിയിച്ചു. പെട്ടി ഉടൻ ഹൈക്കോടതിയിൽ എത്തിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന് 38 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പിടാത്തതിനാൽ 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയിട്ടില്ല. ഈ വോട്ടുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ സാഹചര്യത്തിൽ പെരിന്തൽമണ്ണ സബ് ട്രഷറിയിലാണ് ബാലറ്റ് പെട്ടി സൂക്ഷിച്ചിരുന്നത്. സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളും മറ്റ് വസ്തുക്കളും ഹൈക്കോടതിയുടെ സംരക്ഷണയിൽ സൂക്ഷിക്കണമെന്ന മുസ്തഫയുടെ വാദം കോടതി അംഗീകരിച്ചിരുന്നു. ഹൈക്കോടതിയിലേക്ക് വോട്ട് മാറ്റാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് പെട്ടികൾ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് പെട്ടി കണ്ടെത്തിയത്.