പ്രധാന വാര്‍ത്തകള്‍
ഉത്തരേന്ത്യയിൽ ശീത തരംഗം; കനത്ത മഞ്ഞ് വീഴ്ചയും മഞ്ഞിടിച്ചിലും
ന്യൂഡൽഹി: ശീത തരംഗത്തിൽ വിറച്ച് ഡൽഹിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസാണ്. മൂടൽ മഞ്ഞ് റോഡ്, റെയിൽ, വിമാന ഗതാഗതത്തെ ബാധിച്ചു. ശീത തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശ് സർക്കാർ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാക്കി.
രാജസ്ഥാനിൽ കുറഞ്ഞ താപനില മൈനസ് നാല് ഡിഗ്രി സെൽഷ്യസിലെത്തി. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും തുടരുകയാണ്. ഈ മാസം 20 വരെ അതിശൈത്യം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.