മീനച്ചിലാറ്റിലെ സുഗമമായ ഒഴുക്കു ലക്ഷ്യവച്ചുള്ള പദ്ധതികള്‍ മുന്നോട്ട്


കോട്ടയം: മീനച്ചിലാറ്റിലെ സുഗമമായ ഒഴുക്കു ലക്ഷ്യവച്ചുള്ള പദ്ധതികള്‍ മുന്നോട്ട്. മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി ആറിന്റെ വീതി പൂര്‍ണമായും തിരിച്ച് പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.നിലവില്‍ ചവിട്ടുവരി പാലത്തിന് താഴെ വീതി കൂട്ടുന്ന നടപടികള്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.
തിട്ടയില്‍ നിന്ന് ഏതാണ്ട് ഇരുപതിലേറെ മീറ്റര്‍ വീതിയില്‍ നദിയുടെ വീതിയെ അപഹരിച്ച്‌ക്കൊണ്ട് രൂപപ്പെട്ട തുരുത്തുകളും അതില്‍ വളര്‍ന്ന് നില്‍ക്കുന്ന പാഴ്‌മരങ്ങളും നീക്കുന്ന ജോലികളാണ് നടക്കുന്നത്.
പേരൂരിലെ പൂവത്തുംമൂട് പാലം മുതല്‍ മോസ്‌കോ കവലയ്‌ക്കു സമീപം വരെയുള്ള ഭാഗത്തു രൂപപ്പെട്ട തിട്ടകളും നീരൊഴുക്കുന്ന തടസം നില്‍ക്കുന്ന മറ്റു തടസങ്ങളും നീക്കം ചെയ്യുന്ന ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. വെള്ളുപ്പറമ്ബില്‍ തൂക്കുപാലത്തിനു സമീപം തിട്ടകള്‍ രൂപപെട്ടതിനെ തുടര്‍ന്ന് നദിയുടെ വീതി മൂന്നില്‍ ഒന്നായി കുറഞ്ഞിരുന്നു. നിലവിലുള്ള ജലനിരപ്പ് കണക്കാക്കി എക്കലും ചെളിയും എടുത്തു മാറ്റുകയാണ് ചെയ്യുന്നത്. നദിക്കുള്ളില്‍ വളര്‍ന്ന പാഴ്‌മരങ്ങള്‍ നീക്കം ചെയ്യും.
മീനച്ചിലാറിന്റെ പതനസ്‌ഥാനമായ കാഞ്ഞിരം മുതല്‍ ചുങ്കം വരെയുള്ള പ്രദേശങ്ങളിലെ എക്കല്‍ നീക്കം ചെയുകയും നദിയിലേക്കു വീണു കിടക്കുന്ന മരങ്ങള്‍ നീക്കം ചെയ്‌തും വൃത്തിയാക്കിയിരുന്നു.. നീലിമംഗലം ഭാഗത്തുകൂടി കുടമാളൂരിലേക്കു കടക്കുന്ന മീനച്ചിലാറിന്റെ കൈവഴിയില്‍ ഉതൃട്ടാതി വള്ളം കളിയുടെ ജലമാര്‍ഗം തെളിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ചീപ്പുങ്കല്‍ പാലത്തിനു സമീപമുള്ള തുരുത്തുകള്‍ നേരത്തെ നീക്കം ചെയ്‌തിരുന്നു.
നദിയില്‍ നിന്നു ലഭിക്കുന്ന എക്കലും മണലും ചെളിയും വെവ്വേറെ കൂട്ടിയിടുകയും അത് പിന്നീട് ലേലം ചെയ്‌തു നല്‍കുകയും ചെയ്യും.
ഈ വേനല്‍ക്കാലത്ത് തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടു കൂടി അടുത്ത വെള്ളപ്പൊക്കത്തിന് മുന്‍പ് മീനച്ചിലാറിനെ പൂര്‍ണമായും നീരൊഴുക്ക് സുഗമമാക്കുവാന്‍ കഴിയുമെന്നാണ് സംഘഘാടകരുടെ പ്രതീക്ഷ.