അഞ്ജുവിന്റെയും കുട്ടികളുടെയും മരണം അന്വേഷിക്കാൻ ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്


ലണ്ടൻ: ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച ബ്രിട്ടനിലെ കെറ്ററിംഗ് കൂട്ടക്കൊലയിൽ കൂടുതൽ അന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പോലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥനും നോർത്താംപ്ടൺഷയർ പൊലീസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനുമാണ് കേരളത്തിലെത്തുന്നത്. അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹവുമായി വീട്ടിലെത്താനിരുന്ന ഇരുവരും അവസാനനിമിഷം ഹോം ഓഫീസിൽ നിന്ന് ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാൽ ആഭ്യന്തര ഓഫീസിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ ഇരുവരും കേരളത്തിലെത്തുമെന്നാണ് വിവരം. ഇവർക്ക് തൃപ്പൂണിത്തുറയിലെ ഹോട്ടലിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഞ്ജു അശോകിന്‍റെ വൈക്കത്തെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്‍റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. കേസിലെ അന്തിമ കുറ്റപത്രം വിചാരണക്കോടതിയിൽ സമർപ്പിക്കും.
അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച മാഞ്ചസ്റ്ററിൽ നിന്ന് ഇന്നലെ രാവിലെ എമിറേറ്റ്സ് വിമാനത്തിൽ ഇവർക്കായി ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫീസിൽ നിന്ന് അന്തിമ ക്ലിയറൻസ് ലഭിക്കാത്തതിനാൽ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.