ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കു പോലീസിനെയും ചുമതലപ്പെടുത്തുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍


കൊച്ചി : ഭക്ഷ്യസുരക്ഷാപരിശോധനയ്‌ക്കു പോലീസിനെയും ചുമതലപ്പെടുത്തുന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍. സംസ്‌ഥാനത്തുടനീളം പരിശോധനകള്‍ക്കു ഭക്ഷ്യസുരക്ഷാവകുപ്പില്‍ മതിയായ ജീവനക്കാരില്ലാത്ത സാഹചര്യത്തിലാണിത്.കേരളാ പോലീസ് നിയമം 118-ാം വകുപ്പുപ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ കുറ്റകരമാണ്. അതുകൊണ്ടുതന്നെ ഹോട്ടലുകളില്‍ ഉള്‍പ്പെടെ പരിശോധനയ്‌ക്കു നിയമതടസമില്ല. ഗുരുതരവും ജീവാപായമുണ്ടാക്കുന്നതുമായ വിഷബാധയ്‌ക്കു കാരണമാകുന്നുവെങ്കില്‍ ഐ.പി.സി. 273, 328, 304, 34 വകുപ്പുകള്‍ പ്രകാരം കേസെടുക്കാം.
മോട്ടോര്‍ വാഹനവകുപ്പിന്റെ ചുമതലയായ വാഹനപരിശോധന, പിഴയീടാക്കല്‍ എന്നിവ നിലവില്‍ പോലീസും നിര്‍വഹിക്കുന്നുണ്ട്. ഗതാഗതനിയന്ത്രണത്തിനും പോലീസുണ്ട്. ഈ മാതൃകയില്‍ ഭക്ഷ്യസുരക്ഷാപരിശോധനയ്‌ക്കും പോലീസിനെക്കൂടി ചുമതലപ്പെടുത്താനാണു നീക്കം. യൂണിഫോമില്‍ അല്ലാതെ (മഫ്‌തി) പോലീസിനെ പരിശോധനയ്‌ക്കു നിയോഗിക്കണമെന്ന നിര്‍ദേശമാണു പരിഗണനയിലുള്ളത്.
തദ്ദേശഭരണസ്‌ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിനും ഭക്ഷണശാലകളില്‍ പരിശോധന നടത്താമെങ്കിലും ഉടമയ്‌ക്കെതിരേ ക്രിമിനല്‍ നടപടിക്കു പോലീസിനും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കുമേ അധികാരമുള്ളൂ. സംസ്‌ഥാനത്തു ഭക്ഷണം ഉണ്ടാക്കുകയും വില്‍ക്കുകയും വിതരണം നിര്‍വഹിക്കുകയും ചെയ്യുന്ന 12 ലക്ഷത്തോളം സ്‌ഥാപനങ്ങളുണ്ട്. എന്നാല്‍, ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായി 140 പേരേയുള്ളൂ. അതായത്, ഒരു നിയോജകമണ്ഡലത്തിന് ഒരാള്‍ വീതം. നഗരമേഖലകളില്‍ ഒരു ഓഫീസര്‍ക്ക് 10,000 സ്‌ഥാപനങ്ങളെങ്കിലും പരിശോധിക്കേണ്ടിവരും. ഗ്രാമീണമേഖലയില്‍ ഒരാള്‍ക്ക് 12 പഞ്ചായത്തുകളുടെയെങ്കിലും ചുമതലയുണ്ട്. ഈ സാഹചര്യങ്ങളും കണക്കിലെടുത്താണു പരിശോധനയ്‌ക്കു പോലീസിനെയും ആശ്രയിക്കാനുള്ള സര്‍ക്കാര്‍ നീക്കം.
500 കിലോ അഴുകിയ കോഴിയിറച്ചി പിടികൂടി
കളമശേരി: വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച 500 കിലോയോളം അഴുകിയ കോഴിയിറച്ചിയും പഴകിയ എണ്ണയും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഷവര്‍മയും മറ്റും തയ്യാറാക്കി ഹോട്ടലുകള്‍ക്കു നല്‍കാന്‍ വച്ചിരുന്ന ഇവ കൈപ്പടമുകളിലെ വാടകവീട്ടില്‍നിന്നാണു പിടിച്ചെടുത്തത്.
മണ്ണാര്‍ക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തിരുന്നത്. ബുധനാഴ്‌ച രാത്രി ഇവിടെനിന്നു ദുര്‍ഗന്ധമുയര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഉദ്യോഗസ്‌ഥരെ ഫോണ്‍ ചെയ്‌തറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണു പരിശോധന നടന്നത്. ഈ സമയം ഉടമയോ തൊഴിലാളികളോ സ്‌ഥലത്തുണ്ടായിരുന്നില്ല. കുറഞ്ഞ വിലക്കാണ് ഇവര്‍ ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചിരുന്നത്. ലൈസന്‍സ് ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. കളമശേരിലെയും ഇടപ്പള്ളിയിലെയും ചില ഹോട്ടലുകള്‍ക്ക് ഷവര്‍മ തയാറാക്കി നല്‍കുന്നത് ഇവരാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥന്‍ ടി. സുനില്‍ പറഞ്ഞു. മൂന്നു ഫ്രീസറുകളിലായി സൂക്ഷിച്ചിരുന്ന അഴുകിയ കോഴിയിറച്ചി തമിഴ്‌നാട്ടില്‍നിന്ന് എത്തിച്ചതാണ്. ചത്ത കോഴികളുടെ ഇറച്ചി വില്‍പ്പന നടത്തിയിരുന്നതായും സംശയമുണ്ട്.
കേറ്ററിങ്ങിന് ലൈസന്‍സ് നിര്‍ബന്ധമാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കേറ്ററിങ് സ്‌ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്‌ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ലൈസന്‍സ് നല്‍കിയാലും നിശ്‌ചിത ഇടവേളകളില്‍ പരിശോധനകള്‍ തുടരും.
ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌താല്‍ പോരായ്‌മകള്‍ പരിഹരിച്ച ശേഷം കമ്മിഷണറായിരിക്കും വീണ്ടും അനുമതി നല്‍കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിങ് സംവിധാനം നടപ്പിലാക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാനുള്ള മൊബൈല്‍ ആപ്പ് ഈ മാസം ലോഞ്ച് ചെയ്യും. ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
എല്ലാ ഹോട്ടലുകളിലും ലൈസന്‍സ് ഉറപ്പാക്കും. ലൈസന്‍സിനായി ഏകീകൃത പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഓഡിറ്റോറിയങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. ഭക്ഷ്യവസ്‌തുക്കള്‍ കൈകാര്യം ചെയ്യുന്ന സ്‌ഥാപനജീവനക്കാര്‍ എല്ലാവരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ഇവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ശുചിത്വം ഉറപ്പാക്കാന്‍ സ്‌ഥാപനത്തിലുള്ള ഒരാളെ സൂപ്പര്‍വൈസറാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.