പ്രൊഫഷണൽ ഫുട്ബോളിനോട് വിട പറഞ്ഞ് ബ്രസീൽ സൂപ്പർതാരം ജാവോ മിറാൻഡ
ബ്രസീലിയൻ സൂപ്പർ താരം ജാവോ മിറാൻഡ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 38 കാരനായ മിറാൻഡ ബൂട്ട് അഴിക്കുന്നതായി ട്വിറ്ററിലൂടെ ആണ് അറിയിച്ചത്. രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന്‍റെ അവസാനമാണ് ഇത് അടയാളപ്പെടുത്തുന്നത്.
സെന്‍റർ ബാക്കായി കളിക്കുന്ന മിറാൻഡ ബ്രസീലിയൻ ക്ലബ് കൊരിറ്റിബയിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. തുടർന്ന് 2006 മുതൽ അഞ്ച് വർഷം സൂപ്പർ ക്ലബ് സാവോ പോളോയ്ക്ക് വേണ്ടി കളിച്ചു. ഈ കാലയളവിൽ, മിറാൻഡ ക്ലബ്ബിനെ ഹാട്രിക്ക് ലീഗ് കിരീടത്തിലേക്ക് നയിച്ചു. തുടർന്ന് സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിൽ ചേർന്നു. 2013-14 സീസണിൽ അത്ലറ്റിക്കോ ലീഗ് കിരീടം ഉയർത്തിയപ്പോൾ മിറാൻഡ ടീമിന്‍റെ ഭാഗമായിരുന്നു. ഇറ്റാലിയൻ സൂപ്പർ ക്ലബ് ഇന്‍റർ മിലാന്‍റെ ജേഴ്സിയും മിറാൻഡ 4 വർഷം അണിഞ്ഞിരുന്നു.
മിറാൻഡ 2019 ൽ ഇന്‍റർ വിട്ട് ചൈനീസ് ക്ലബ് ജിയാൻസു സുനിങ്ങിലേക്ക് മാറി. പക്ഷേ, രണ്ടു വർഷത്തിനു ശേഷം സാവോ പോളോയിൽ തിരിച്ചെത്തി. കഴിഞ്ഞ സീസണിൽ ക്ലബിനായി 30 ലധികം മത്സരങ്ങൾ മിറാൻഡ കളിച്ചിട്ടുണ്ട്. 2009 ൽ ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച മിറാൻഡ 58 തവണ രാജ്യത്തെ പ്രതിനിധീകരിച്ചു. കോൺഫെഡറേഷൻസ് കപ്പ്, കോപ്പ അമേരിക്ക കിരീടങ്ങളും മിറാൻഡ നേടിയിട്ടുണ്ട്.