നിലയ്ക്കലിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദ് ചെയ്തു
പത്തനംതിട്ട: നിലയ്ക്കലിലെ പാര്‍ക്കിംഗ് ഫീസ് പിരിക്കാനുള്ള കരാര്‍ റദ്ദ് ചെയ്തു.ടെന്‍ഡര്‍ തുക പൂര്‍ണമായും അടയ്ക്കുന്നതില്‍ കരാറുകാരന്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കരാര്‍ റദ്ദ് ചെയ്തത്. കൊല്ലം ശൂരനാട് സ്വദേശി സജീവാണ് മൂന്നു കോടി രൂപയ്ക്കു പാര്‍ക്കിംഗ് കരാര്‍ ഏറ്റെടുത്തിരുന്നത്. മൂന്നു കോടിയില്‍ രണ്ട് കോടി രൂപ ഇയാള്‍ തുടക്കത്തില്‍ അടച്ചിരുന്നു.
ബാക്കിയുള്ള ഒരു കോടിയും മറ്റിനങ്ങളിലായുള്ള 32 ലക്ഷവും ചേര്‍ത്ത് ഒരു കോടി 32 ലക്ഷം രൂപയാണ് കരാറുകാരന്‍ അടയ്ക്കാന്‍ ബാക്കിയുള്ളത്. ഇത് അടയ്ക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടു കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുക അടയ്ക്കുന്നതിന് ഇക്കഴിഞ്ഞ മൂന്നു വരെ സമയം അനുവദിച്ചിരുന്നു.
എന്നാല്‍, നിശ്ചിത തീയതിക്കു ശേഷവും തുക അടയ്ക്കാന്‍ കരാറുകാരന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടു കരാര്‍ റദ്ദ് ചെയ്തത്.
ദേവസ്വം ബോര്‍ഡ് നേരിട്ട്
പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിന്‍റേതടക്കമുളള ചുമതല ഇന്നലെ രാവിലെ മുതല്‍ ദേവസ്വം ബോര്‍ഡ് പൂര്‍ണമായും ഏറ്റെടുത്തതായി പ്രസിഡന്‍റ് കെ. അനന്തഗോപന്‍ പറഞ്ഞു. മറ്റൊരാളുടെ ബിനാമിയായാണ് സജീവന്‍ കരാര്‍ ഏറ്റെടുത്തതെന്നു തുടക്കം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.
ശാസ്താംകോട്ട ഗവണ്‍മെന്‍റ് സ്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മാണം ഏറ്റെടുത്തു പാതിവഴിയില്‍ ഉപേക്ഷിച്ചതിന്‍റെ പേരില്‍ കരാറുകാരനായ സജീവനെതിരെയുളള പരാതി വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവരുടെ മുമ്ബിലുള്ളപ്പോഴാണ് ഇയാള്‍ നിലയ്ക്കലിലെ പാര്‍ക്കിംഗ് കരാര്‍ ഏറ്റെടുത്തത്. 2020 ജനുവരി ഒന്നിന് ആരംഭിച്ച് ഒക്ടോബറില്‍ പൂര്‍ത്തിയാക്കാം എന്ന കരാറിന്മേല്‍ ഒരു കോടി രൂപയ്ക്കാണ് സജീവ് സ്കൂള്‍ കെട്ടിട നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍, കെട്ടിടത്തിന്‍റെ നിര്‍മാണം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് സ്കൂള്‍ അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ വകുപ്പ് മന്ത്രിക്കടക്കം പരാതി നല്‍കിയത്.
തിരക്കിനിടയില്‍
അനിശ്ചിതത്വം
നിലയ്ക്കലിലെ പാര്‍ക്കിംഗ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് കരാറുകാരനെ ഒഴിവാക്കിയത്. ദേവസ്വം ബോര്‍ഡ് നേരിട്ടു പിരിവ് തുടങ്ങിയെങ്കിലും മതിയായ ജീവനക്കാരെ നിയോഗിച്ചില്ലെങ്കില്‍ മകരവിളക്ക് തിരക്കിനോടനുബന്ധിച്ച് ഇതു താളം തെറ്റും. നിലയ്ക്കലിലെ പാര്‍ക്കിംഗ് സ്ഥലത്തിന്‍റെ അപര്യാപ്തത ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടാകുന്നുണ്ട്. ലഭ്യമായ സ്ഥലങ്ങളെല്ലാം ദിവസവും വാഹനങ്ങള്‍ നിറയുന്നുണ്ട്. മകരവിളക്കിനോടനുബന്ധിച്ചു പാര്‍ക്കിംഗ് സൗകര്യം വിപുലപ്പെടുത്താന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിരുന്നു.