ലോകകപ്പ് ടീമുകളുമായി കൊമ്പുകോർക്കാൻ ഇന്ത്യക്ക് ക്ഷണം
യു.എ.ഇ: ലോകകപ്പിൽ പന്ത് തട്ടിയ ശക്തരായ ഏഷ്യൻ ടീമുകളുമായി കൊമ്പുകോർക്കാൻ ഇന്ത്യയ്ക്ക് അവസരം. ഈ വർഷം മാർച്ചിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്‍റെ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യക്ക് ക്ഷണം ലഭിച്ചു.
12 മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്‍റ് മാർച്ചിൽ യുഎഇയിൽ നടക്കും. ഫെഡറേഷന് പുറത്തുനിന്നുള്ള ചില ടീമുകളെ ഈ ടൂർണമെന്‍റിലേക്ക് ക്ഷണിക്കും. അങ്ങനെയാണ് ഇന്ത്യക്ക് ഇപ്പോൾ അവസരം ലഭിച്ചത്. ഇന്ത്യയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അവർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും എഐഎഫ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ടൂർണമെന്‍റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായാൽ ആതിഥേയരായ ഖത്തറുമായും കഴിഞ്ഞ ലോകകപ്പിൽ കളിച്ച സൗദി അറേബ്യയുമായും കൊമ്പുകോർക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചേക്കും. ടൂർണമെന്‍റിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇറാഖ്, ലെബനൻ, സിറിയ എന്നീ രാജ്യങ്ങളും ലോകകപ്പ് യോഗ്യതാ റൗണ്ടിന്‍റെ അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.