കാന്‍സര്‍ രോഗിക്ക് ഇന്‍ഷുറന്‍സ് കമ്പനിചികിത്സാചെലവ് നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
ചികിത്സാചെലവ് നിഷേധിച്ച കാന്‍സര്‍ രോഗിക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഇടുക്കി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കീരിക്കോട് സ്വദേശിയായ ഇഞ്ചക്കാട്ട് വീട്ടില്‍ ആര്‍. മോഹനന്റെ ഭാര്യക്ക് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് ചികില്‍സ ചെലവ് നല്‍കേണ്ടത്.
മോഹനന്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ കുടുംബാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിരുന്നു. എന്നാല്‍ കാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സാചെലവ് ലഭിക്കുന്നതിനുളള അദ്ദേഹത്തിന്റെ അപേക്ഷ കമ്പനി നിരാകരിച്ചതിനെതിരെ മോഹനന്‍ ഇടുക്കി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തീകരിച്ച കമ്മീഷന്‍ പരാതിക്കാരന്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ അര്‍ഹനാണെന്ന് കണ്ടെത്തി. നിരാകരിച്ച തുകയായ 1,25870 രൂപ അപേക്ഷിച്ച ദിവസം മുതലുള്ള പലിശ സഹിതവും നഷ്ടപരിഹാരമായി 30000 രൂപയും വ്യവഹാര ചെലവിലേക്കായി 5000 രൂപയും പരാതിക്കാരന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്.