ആരാധകരേ ദയവായി ഈ ബോർഡുകൾ മാറ്റുമോ


കോഴിക്കോട്: ലോകകപ്പ് ഫുട്ബാള്‍ കഴിഞ്ഞ് ഖത്തറിലെ പല സ്റ്റേഡിയങ്ങള്‍പോലും പൊളിച്ചു മാറ്റിയെങ്കിലും ഇവിടെ ആരാധകര്‍ പൊക്കിയ ബോര്‍ഡുകളും കട്ടൗട്ടുകളും മാറ്റിയില്ല.പല ടീമുകളും തോറ്റപ്പോള്‍ ആരാധകര്‍ ‘മുങ്ങി’യതാണ്. ഇതുമാറ്റാന്‍ അധികൃതര്‍ നിര്‍ദേശിച്ചെങ്കിലും ജില്ലയുടെ പല ഭാഗങ്ങളിലും പലരും അനുസരിച്ചില്ല.
പുള്ളാവൂര്‍ പുഴയില്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നതോടെ ആരാധക ഫ്ലക്സുകളും കട്ടൗട്ടുകളും വരെ അല്‍പം വിവാദത്തിലുമായി. ചട്ടങ്ങള്‍ ലംഘിച്ചാണ് പലയിടങ്ങളിലും കൂറ്റന്‍ ബോര്‍ഡുകള്‍ ഉയര്‍ന്നത്. ഫുട്ബാള്‍ പ്രേമികളുടെ ആവേശത്തിന്റെ ഭാഗമായതിനാല്‍ ‘അങ്ങനെ പോട്ടെ’ എന്നുകരുതി അധികൃതര്‍ ഇടപെട്ടില്ല.
പല ജങ്ഷനുകളിലും ഗതാഗതം മറയുന്ന തരത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇത് നീക്കം ചെയ്യാതെയിടുന്നത് അപകടത്തിന് കാരണമാകും. നഗരത്തിലും നാട്ടിന്‍പുറങ്ങളിലും ഇത്തരം ബോര്‍ഡുകള്‍ ധാരാളം ഇനിയും അഴിച്ചുമാറ്റാനുണ്ട്.